ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് കൊവിഡ് ബാധ കുറവ്, മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് അതിവേഗത്തില്‍ നെഗറ്റീവായി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള ഹോമിയോ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. അതേസമയം, മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം അതിവേഗത്തില്‍ ഭേദമായിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് കൊവിഡ് ബാധ നെഗറ്റീവായത്. ചലച്ചിത്ര സംവിധായകനും ഹോമിയോ വകുപ്പിലെ പത്തനംതിട്ട ഡിഎംഒയുമായ ഡോ.ബിജു നടത്തിയ ഒരു പഠനത്തില്‍ ഇത് വ്യക്തമായിട്ടുണ്ടെന്നും ഈ പഠനം തന്നെ കാണിച്ചിരുന്നെന്നും മന്ത്രി പറയുന്നു.

നിലവില്‍ കൊവിഡ് പോസ്റ്റീവ് ആയവരെ ഹോമിയോ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം രോഗം വരാതിരിക്കാനുള്ള ഹോമിയോ പ്രതിരോധ മരുന്ന് കേരളത്തില്‍ ഉടനീളം നല്‍കിയിട്ടുണ്ടെന്നും ഈ മരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ക്ക് മാത്രമേ രോഗം വന്നിട്ടുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.