ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ രാത്രിയിൽ ആശുപത്രിയിലേക്ക് മാറ്റൂ; സ്ത്രീ സുരക്ഷ ഉറപ്പാക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട ആറന്മുളയിലുണ്ടായ സംഭവം ദൗർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ആംബുലൻസ് ഡ്രൈവർക്ക് ആംബുലൻസ് ഓടിച്ച് പ്രവർത്തിപരിചയമുള്ളതിനാലാണ് വീണ്ടും നിയമിച്ചതെന്നും മന്ത്രി പറഞ്ഞു. ഇനിമുതൽ ആംബുലൻസ് ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിക്കും. രാത്രിയിൽ ആംബുലൻസിൽ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളെ മാത്രമേ മാറ്റു. സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കനിവ് 108 ആംബുലൻസുകളിൽ ജോലി ചെയ്യുന്നവരിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടൻ ഹാജരാക്കാൻ ആംബുലൻസിന്റെ നടത്തിപ്പുകാർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ അർദ്ധരാത്രിയിലാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ട് പ്രതി നൗഫൽ കൊവിഡ് രോഗിയായ 20കാരി പെൺകുട്ടിയെ പീഡിപ്പിച്ചത്.