ചവറയും കുട്ടനാടും ചെന്നിത്തലയ്ക്ക് കീറാമുട്ടി

ചവറയും കുട്ടനാടും കോണ്‍ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തിലും നിര്‍ണ്ണായകമാകും. ഈ രണ്ട് മണ്ഡലങ്ങളില്‍ ഒരു മണ്ഡലത്തിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് രമേശ് ചെന്നിത്തലയ്ക്കാണ് തിരിച്ചടിയാവുക. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തലയുടെ പരാജയമായാണ് വിലയിരുത്തപ്പെടുക. 2021-ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന സ്വപ്നം തന്നെയാണ് അത്തരമൊരു സാഹചര്യത്തില്‍ ചെന്നിത്തലയ്ക്ക് ഉപേക്ഷിക്കേണ്ടി വരിക. ഇനി യു.ഡി.എഫ് ഈ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കിയാലും ചെന്നിത്തലയ്ക്ക് മാത്രമായി അവകാശവാദം ഉന്നയിക്കാനും കഴിയില്ല. അതിന് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയുമൊന്നും അനുവദിക്കുകയുമില്ല. വിജയത്തില്‍ കൂട്ടായ പരിശ്രമവും പരാജയത്തില്‍ ചെന്നിത്തലയുടെ വീഴ്ചയായി കാണാനുമാണ് അവര്‍ ശ്രമിക്കുക.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയാണ് യു.ഡി.എഫിന് നേരിടേണ്ടി വന്നിട്ടുള്ളത്. വട്ടിയൂര്‍ക്കാവ്, കോന്നി, പാല മണ്ഡലങ്ങളാണ് കയ്യില്‍ നിന്നും പോയത്. ഇതിന് ഒരു മറുപടി കുട്ടനാട്ടിലും ചവറയിലും നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പ്രതിപക്ഷത്തിനാകെ വലിയ തിരിച്ചടിയായിരിക്കും. യു.ഡി.എഫ് ശ്രമിച്ചാല്‍ വിജയിക്കാന്‍ പറ്റാവുന്ന കാലാവസ്ഥ രണ്ട് മണ്ഡലങ്ങളിലുമുണ്ട്. നിലവില്‍ പ്രതിപക്ഷത്ത് ഇടതുപക്ഷമായിരുന്നെങ്കില്‍ ഈ മണ്ഡലങ്ങളില്‍ ചെമ്പട അട്ടിമറി വിജയം നേടുമായിരുന്നു. പ്രതിപക്ഷത്തിരുന്ന് അത്ഭുതം പ്രവര്‍ത്തിച്ച ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. എന്നാല്‍ അത്തരമൊരു ചരിത്രം യു.ഡി.എഫിന് ഏറെ ചൂണ്ടിക്കാട്ടാനുമില്ല. സംഘടനാപരമായ കരുത്തും ഇടപെടലുകളിലെ വീഴ്ചയുമാണ് ചവറയിലും കുട്ടനാട്ടിലും യു.ഡി.എഫിന് വില്ലനാവുന്നത്.

കോണ്‍ഗ്രസ്സില്‍ ‘എ’ ഗ്രൂപ്പ് അതിശക്തമാണ്. ഇവരുടെ നിലപാട് രണ്ട് മണ്ഡലങ്ങളിലും പ്രതിഫലിക്കും. ചെന്നിത്തലയ്ക്ക് ‘പണി’ കൊടുക്കാന്‍ ‘എ’ വിഭാഗം പാലം വലിക്കുമോയെന്ന ആശങ്ക ഐ വിഭാഗത്തിനുമുണ്ട്. ജോസ്.കെ മാണി വിഭാഗം മുന്നണിയിലില്ലാത്തത് കുട്ടനാട്ടില്‍ യു.ഡി.എഫിന് വലിയ ഭീഷണിയാണ്. ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷ നല്‍കുന്ന ഘടകമാണിത്. സ്ഥാനാര്‍ത്ഥി എന്‍.സി.പിക്കാരന്‍ ആണ് എന്നത് മാത്രമാണ് ഇവിടെ ഇടതുപക്ഷത്തിന്റെ പോരായ്മയായി ചൂണ്ടിക്കാട്ടാനുള്ളത്. ചവറ മണ്ഡലത്തില്‍ ശക്തമായ അടിത്തറ തന്നെ സി.പി.എമ്മിനുണ്ട്. ഈ മണ്ഡലത്തില്‍ ഏറ്റവും അധികം സ്വാധീനമുള്ളതും സി.പി.എമ്മിനാണ്. ഷിബു ബേബി ജോണ്‍ എന്ന ആര്‍.എസ്.പി നേതാവ് പോരാടേണ്ടത് ഈ കരുത്തിനോടാണ്. സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ തീര്‍ച്ചയായും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. ഇത് ഇടതുപക്ഷ അണികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും വലുതാണ്. ഭരണ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷം വോട്ട് തേടുന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റെ ആയുധം. സ്വപ്ന മുതല്‍ ബിനീഷ് കോടിയേരി വരെ പ്രതിപക്ഷം ശരിക്കും ഉപയോഗിക്കും. എന്നാല്‍ ഇതിനെല്ലാം ഒറ്റ മറുപടിയിലാണ് ഇടതുപക്ഷം പ്രതിരോധം തീര്‍ക്കുന്നത്. കുറ്റക്കാര്‍ ആരായാലും നടപടി സ്വീകരിക്കണമെന്നതാണ് സി.പി.എം നിലപാട്. സംസ്ഥാന സര്‍ക്കാറിന്റെ നിലപാടും അതു തന്നെയാണ്. രണ്ട് സംഭവങ്ങളും അന്വേഷിക്കുന്നതാകട്ടെ കേന്ദ്ര ഏജന്‍സികളുമാണ്. നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കണമോ എന്നതാണ് സി.പി.എമ്മിന്റെ ചോദ്യം. മാസ് ചോദ്യമാണിത്. ബി.ജെ.പിയുടെ മാത്രമല്ല കോണ്‍ഗ്രസ്സിന്റെയും ഉത്തരം മുട്ടിക്കുന്ന പ്രതികരണമാണിത്. കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിക്കാത്തിടത്തോളം ഇനി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിയുകയില്ല. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കും ഓഫീസിനും പങ്കില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത് പ്രമുഖ ദേശീയ ചാനലാണ്. സി.എന്‍.എന്‍ ന്യൂസ് 18ന്റെ ഡെപൂട്ടി എഡിറ്റര്‍ അരുണിമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍.ഐ.എ ഉന്നതരെ ഉദ്ധരിച്ചായിരുന്നു ഈ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് ചാനല്‍ പുറത്ത് വിട്ടിരുന്നത്. കേരളത്തിലെ പ്രതിപക്ഷത്തിനാണ് ഈ റിപ്പോര്‍ട്ട് പ്രഹരമായി മാറിയിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരുടെ പങ്ക് വ്യക്തമായതോടെ ബി.ജെ.പിയുടെ കൊമ്പും ഇപ്പോള്‍ ഒടിഞ്ഞിട്ടുണ്ട്. സംഘപരിവാര്‍ ചാനലിനെ തന്നെ തള്ളിപ്പറയേണ്ട ഗതികേടാണ് ആ പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും അടുത്ത സുഹൃത്താണ് ഈ മാധ്യമ പ്രവര്‍ത്തകന്‍. ശിവശങ്കര്‍ പ്രതിയെങ്കില്‍ അനില്‍ നമ്പ്യാരെയും പ്രതിയാക്കേണ്ടി വരുമെന്നതാണ് നിലവിലെ അവസ്ഥ. കര്‍ണ്ണാടകയിലെ മയക്കു മരുന്ന് കേസിലും ശക്തമായ നിലപാടാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസ് തന്നെയാണ് ഇതും. ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കി കൊല്ലട്ടെ എന്നാണ് പിതാവായ കോടിയേരി തന്നെ തുറന്നടിച്ചിരിക്കുന്നത്. ഇതു തന്നെയാണ് സി.പി.എമ്മിന്റെയും നിലപാട്. യഥാര്‍ത്ഥത്തില്‍ നടപടി സ്വീകരിക്കാന്‍ വെല്ലുവിളിക്കുകയാണ് സി.പി.എം ചെയ്തിരിക്കുന്നത്. ബിനീഷിനെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്താല്‍ പോലും ഇടപെടില്ലെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെയും നിലപാട്.

അതേസമയം കര്‍ണ്ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കേരളത്തിലും അന്വേഷണം നടത്തണമെന്നതാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. യുക്തിക്ക് നിരക്കാത്ത വാദമാണിത്. ഒരു കേസില്‍ ഒരു എഫ്.ഐ.ആര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുക. അതാകട്ടെ കര്‍ണ്ണാടകയില്‍ ചെയ്തും കഴിഞ്ഞു. പ്രധാന പ്രതികളും പിടിയിലായി കഴിഞ്ഞു. ഇനി വിപുലമായ അന്വേഷണമാണ് വേണ്ടത്. അതിന് അന്വേഷണ സംഘത്തിന് ഒരു തടസ്സവുമില്ല. രാജ്യത്ത് ഏത് സംസ്ഥാനത്തും ചെന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അവര്‍ക്ക് അധികാരമുണ്ട്. തെളിവുണ്ടെങ്കില്‍ ആ ദൗത്യമാണ് കേന്ദ്ര സംഘം നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി വേണം പ്രതിപക്ഷവും പ്രതികരിക്കാന്‍. എല്ലാം രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയായ നടപടിയല്ല. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത് ജനങ്ങളാണ്. അതിനാണ് തിരഞ്ഞെടുപ്പുകളുമുള്ളത്. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷവും ഭരണപക്ഷവും നിലപാടുകള്‍ സത്യസന്ധമായാണ് അവതരിപ്പിക്കേണ്ടത്. ആരാണ് ശരിയെന്നത് ജനങ്ങള്‍ വിധിയെഴുതട്ടെ. ഈ ജനകീയ കോടതിയുടെ വിധിയ്ക്കായാണ് രാഷ്ട്രീയ കേരളവും ഇപ്പോള്‍ കാത്തിരിക്കുന്നത്.