പിറന്നാളുകൾ മമ്മുട്ടിയുടെ പ്രായം കൂട്ടുന്നില്ല (മുരളി തുമ്മാരുകുടി)

ഇന്ന് മമ്മുട്ടിയുടെ പിറന്നാളാണെന്ന് പത്രങ്ങളും ടൈംലൈനും ഒക്കെ ഉറക്കെ ഉറക്കെ പറയുകയായിരുന്നു . വാസ്തവത്തിൽ കാലം തൊടാതെയിരിക്കുന്ന ആളാണ് മമ്മൂട്ടി. പിറന്നാളുകൾ അദ്ദേഹത്തിന്റെ പ്രായം കൂട്ടുന്നില്ല, സുഹൃത്തുക്കൾക്കും, ആരാധകർക്കും ഒക്കെ ആഘോഷിക്കാൻ ഒരു ദിവസം. അത്രയും കൂട്ടിയാൽ മതി.
ശ്രീ മമ്മൂട്ടിയെ ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ല. എല്ലാ മലയാളികളേയും പോലെ അദ്ദേഹത്തെ എത്രയോ നാളായി കാണുന്നു. അദ്ദേഹത്തിൻ്റെ എത്രയോ സിനിമകൾ ഇഷ്ടപ്പെടുന്നു. എല്ലവർക്കും അവരുടെ പ്രിയപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങൾ ഉണ്ടാകും. എന്റേത് കോടീശ്വരനായ ശങ്കർദാസും പണക്കാരനായ പ്രാഞ്ചിയേട്ടനും ആണ്. ഇവരുടെ രണ്ടുപേരുടെയും അല്പം അംശം എന്നിലുള്ളതുകൊണ്ടാകണം !
പക്ഷെ ഒരു താരത്തിനപ്പുറം ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയത് രണ്ടായിരത്തി പതിനെട്ടിലെ പ്രളയകാലത്താണ്. ഞാൻ അന്ന് സ്ഥിരമായി പ്രളയത്തെ നേരിടുന്നതിനെ പറ്റി ലേഖനങ്ങൾ എഴുതുന്നു.
ഒരു ദിവസം എൻ്റെ സുഹൃത്ത് അഡ്വ. ഹരീഷ് വാസുദേവൻ എന്നെ വിളിച്ചു.
“മമ്മൂട്ടിക്ക് മുരളി ചേട്ടനോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു, നമ്പർ കൊടുക്കട്ടെ”
എനിക്ക് അതൊരു അതിശയമായിരുന്നു. എന്താണ് ശ്രീ മമ്മൂട്ടിക്ക് എന്നോട് സംസാരിക്കാൻ ?
“ചേട്ടൻ എഴുതുന്നതൊക്കെ വായിക്കാറുണ്ട്, ചിലതൊക്കെ ഷെയർ ചെയ്യാറും ഉണ്ട്”
അന്ന് തന്നെ ശ്രീ മമ്മൂട്ടിയുമായി സംസാരിച്ചു. പ്രളയകാലത്ത് എഴുതിയ ലേഖനങ്ങൾക്ക് അദ്ദേഹം നന്ദിപറഞ്ഞു. പ്രളയനാന്തരം പുതിയൊരു കേരളം ഉണ്ടാക്കാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കണം എന്ന് പറഞ്ഞു.
അദ്ദേഹത്തിന് എന്നെ വിളിച്ച് ഇത്രയും പറയേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. പക്ഷെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അദ്ദേഹത്തിൻ്റെ ഒരു ഫോൺ കോൾ പോലും ആവേശമാകുമെന്ന്, ഊർജ്ജം നൽകുമെന്ന് അദ്ദേഹത്തിന് അറിയാം.
പ്രളയകാലത്തിൽ കേരളത്തോട് ചേർന്ന് നിൽക്കുന്ന അദ്ദേഹത്തിൻ്റെ രീതി, അതിൽ ഇടപെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിൽ കാണിക്കുന്ന ശ്രദ്ധ ഇതൊക്കെ എന്നെ അതിശയിപ്പിച്ചു, സന്തോഷിപ്പിച്ചു.
അന്ന് ഞാൻ അദ്ദേഹത്തിൻ്റെ ഫാൻ ആയി !.
ഈ കോവിഡ് കാലത്ത് വീണ്ടും ഞാൻ എഴുതിയ ലേഖനങ്ങൾ അദ്ദേഹം ഷെയർ ചെയ്തു. ഞാൻ പോസ്റ്റ് ചെയ്താൽ മുപ്പതിനായിരം ആളുകളിൽ എത്തുമെങ്കിൽ അദ്ദേഹം പോസ്റ്റ് ചെയ്താൽ അത് മുപ്പത് ലക്ഷത്തിൽ എത്തും. അദ്ദേഹം പോസ്റ്റ് ചെയ്‌തത്‌ കണ്ടപ്പോൾ ഒക്കെ ഞാൻ അതിന് നന്ദി പറഞ്ഞു. ഉടൻ മറുപടിയും വരും, ഒരു മിനുട്ട് പോലും താമസമില്ല.
സ്‌കൂളിലേയും കോളേജിലേയും കുട്ടികൾ ഓൺലൈൻ ആയി പഠിക്കുന്ന കാലത്ത് അവരുടെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഞാൻ സേക്രഡ് ഹാർട്ട് കോളേജുമായി ചേർന്ന് ഒരു വെബ്ബിനാർ പ്ലാൻ ചെയ്തു. അത് എൻ്റെ വായനക്കാരിലുപരി പരമാവധി ആളുകളിൽ എത്തണം എന്ന് എനിക്ക് ആഗ്രഹമുണ്ടായി. എൻ്റെ സുഹൃത്തുക്കളോടെല്ലാം ഷെയർ ചെയ്യണം എന്ന് പറഞ്ഞു.
അപ്പോഴാണ് എനിക്ക് തോന്നിയത്, ശ്രീ മമ്മൂട്ടിയോട് ഒന്ന് പറഞ്ഞു നോക്കിയാലോ. അല്പം കടന്ന കയ്യാണ്, പക്ഷെ വ്യക്തിപരമായ താല്പര്യം അല്ലല്ലോ, കുട്ടികൾക്ക് വേണ്ടിയല്ലേ, ചോദിച്ചു നോക്കുന്നതിൽ തെറ്റില്ലല്ലോ.
പ്രോഗ്രാമിന്റെ നോട്ടിസ് ഉൾപ്പടെ അദ്ദേഹത്തിന് മെസ്സേജ് അയച്ചു. ഒരു മിനിറ്റിനകം തംസ് അപ്പ് വന്നു. അഞ്ചു മിനിറ്റിനകം പ്രോഗ്രാമിനെ പറ്റി അദ്ദേഹം പോസ്റ്റ് ഇട്ടു, പതിനായിരങ്ങളിൽ അതെത്തി.
ഒരു സൂപ്പർ താരത്തിന് ഇതൊന്നും ചെയ്യേണ്ട കാര്യമില്ല. പക്ഷെ നമ്മുടെ സമൂഹത്തിന് നന്മയുണ്ടാകുന്ന എന്തിലും അദ്ദേഹത്തിന് താല്പര്യമുണ്ട്. പ്രശസ്തിയുടെ ആകാശത്ത് താരമായി തിളങ്ങി നിൽക്കുമ്പോഴും അദ്ദേഹത്തിൻ്റെ ചിന്തകൾ ഭൂമിയിൽ തന്നെയാണ്.
മഹാനടനത്തിനപ്പുറം മഹാനായ ഒരു മനുഷ്യന് എൻ്റെ പിറന്നാൾ ആശംസകൾ. കാലം പോറലേൽപ്പിക്കാതെ ഈ ദിനം വീണ്ടും വീണ്ടും വരട്ടെ എന്ന് ആശംസിക്കുന്നു. ദുരന്തമില്ലാത്ത ഒരു കാലത്ത് നേരിട്ട് കാണാമെന്ന് പ്രതീക്ഷിക്കുന്നു.