മോഹന്‍ലാലിന്റെ ന്യൂഇയര്‍ ചെന്നൈയില്‍ മമ്മൂട്ടി കൊച്ചിയില്‍

 

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: താരങ്ങളുടെ പുതുവല്‍സരാഘോഷം ഇത്തവണ ഷൂട്ടിംഗ് സെറ്റുകളിലായിരിക്കില്ല. സിനിമാ സമരത്തെ തുടര്‍ന്ന് പുതിയ സിനിമകളുടെ ചിത്രീകരണം മുടങ്ങിയതോടെ പലരും കുടുംബത്തിനൊപ്പവും അല്ലാതെയും ന്യൂഇയര്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വിനോദയാത്ര കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് കുടുംബസമേതം കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ചെന്നൈയിലെത്തിയത്. ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയയ്ക്കും ഒപ്പം ചെന്നൈയിലെ വീട്ടിലായിരിക്കും താരത്തിന്റെ പുതുവല്‍സര ആഘോഷം. അമേരിക്കയില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു താരത്തിന്റെ ക്രിസ്മസ് ആഘോഷം. ന്യൂഇയര്‍ ആഘോഷത്തിന് ശേഷം മേജര്‍ രവിയുടെ ബിയോണ്ട് ദ ബോഡറിന്റെ രണ്ടാം ഷെഡ്യൂളിനായി താരം പാലക്കാട്ടേക്ക് പോകും.

രഞ്ജിത്തിന്റെ പുത്തന്‍പണത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. കൊച്ചിയിലെ വീട്ടില്‍ തന്നെയുണ്ട് താരം. ന്യൂ ഇയര്‍ മിക്കവാറും ലൊക്കേഷനില്‍ തന്നെയാവും അല്ലെങ്കില്‍ ദുബയിക്ക് പോകാന്‍ സാധ്യതയുണ്ട്. ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാകാറായി. 31ന് താനുണ്ടാവില്ലെന്ന് മമ്മൂട്ടി പറഞ്ഞാല്‍ അണിയറ പ്രവര്‍ത്തകര്‍ അംഗീകരിക്കും. കൊച്ചിയിലെ വീട്ടില്‍ ഭാര്യ സുല്‍ഫിത്തും മരുമകള്‍ അമാല്‍ സൂഫിയും ഉമ്മയുമാണുള്ളത്. താരത്തിന്റെ ക്രിസ്മസ് ആഘോഷം പുത്തന്‍പണത്തിന്റെ ലൊക്കേഷനിലായിരുന്നു.

dqദുല്‍ഖറിന്റെ ന്യൂഇയര്‍ ഇത്തവണ ദുബായിലാണ്. അമല്‍നീരദിന്റെ സിനിമയുടെ ലൊക്കേഷനിലാണ്. അമേരിക്കയില്‍ നിന്ന് ക്രൂ കഴിഞ്ഞയാഴ്ചയാണ് ദുബയിലെത്തിയത്. ദുല്‍ഖര്‍ ദുബയിലുള്ളതിനാല്‍ മമ്മൂട്ടിയും ഭാര്യയും ചിലപ്പോള്‍ അവിടേക്ക് പറന്നേക്കും. ദുബയില്‍ ജോലി ചെയ്തിരുന്ന കാലത്തേ ദുല്‍ഖര്‍ അവിടുത്തെ ന്യൂഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മമ്മൂട്ടി ചെമ്പിലെ തറവാട്ടിലേക്ക് പോകുന്നതില്‍ കൂടുതല്‍ ഒരു വര്‍ഷം ദുബയിക്ക് പോകും. അവിടെ ബിസിനസും മറ്റ് കാര്യങ്ങളുമുണ്ട്.

jayaramജയറാം കുടുംബസമേതം കൊച്ചിയിലാണ് ഇത്തവണ പുതുവല്‍സരം ആഘോഷിക്കുന്നത്. ചെന്നൈയില്‍ നിന്ന് പാര്‍വതിയും മകളും തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയിട്ടുണ്ട്. പൂമരത്തിന്റെ ആദ്യ ഷെഡ്യൂള്‍ തീര്‍ന്നെങ്കിലും മകന്‍ കാളിദാസും കൊച്ചിയിലുണ്ട്. കണ്ണന്‍ താമരക്കുളത്തിന്റെ അച്ചായന്‍സില്‍ അഭിനയിക്കുകയാണ് ജയറാം. സാധാരണ ചെന്നൈയിലെ വീട്ടിലോ അല്ലെങ്കില്‍ വിദേശത്തോ ആയിരിക്കും ന്യൂഇയര്‍ ആഘോഷങ്ങള്‍. ന്യൂഇയറിന്റെ തലേന്ന് നേരത്തെ ലൊക്കേഷനില്‍ നിന്ന് വീട്ടിലേക്ക് പോവുകയാണ് ജയറാമിന്റെ രീതി.

nivin-paulyനിവിന്‍പോളിയുടെ ആഘോഷവും കൊച്ചിയില്‍ തന്നെയാണ്. ഞണ്ടുകളുടെ നാട്ടില്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും നിര്‍മാതാവുകൂടിയായ താരം അതിന്റെ മറ്റ് പരിപാടികളുമായി കൊച്ചിയിലുണ്ട്. ക്രിസ്മസ് ആഘോഷം ആലുവയിലെ തറവാട്ടുവീട്ടിലായിരുന്നു. ദുബയില്‍ നിന്ന് സഹോദരിയും കുട്ടികളും എത്തിയിരുന്നു. ടോവിനോയുടെ പുതുവല്‍സരം ഭാര്യയ്ക്കും മകനുമൊപ്പം കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിലാണ്. ക്രിസ്മസിന് തൃശൂരിലെ തറവാട്ട് വീട്ടില്‍ പോയിരുന്നു. ദിലീപും കാവ്യയും കൊച്ചിയില്‍ തന്നെയാണ് ആഘോഷം പ്ലാന്‍ ചെയ്തിരിക്കുന്നത്. മുളകുപാടത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നതിനാലാണ് ആഘോഷം കൊച്ചിയല്‍ തന്നെയാക്കിയത്.