പെണ്ണുകാണൽ (കഥ -ഡി ജയകുമാരി)

നാളെ ബുധനാഴ്ചയാണ്. പത്താം ക്ലാസ് പരീക്ഷ എഴുതി റിസൾട്ട് കാത്ത് നിൽക്കുകയായിരുന്നു ആ പെൺകുട്ടി. പതിനഞ്ചു തികയാത്ത പെണ്ണാണവൾ. എന്നിട്ടും അവളെ പെണ്ണു കാണാൻ ഒരു ചെറുപ്പക്കാരൻ വരാൻ പോകുന്നു.
അവൾ അയാളെ ആദ്യമായി കാണുകയൊന്നുമല്ല. അവൾ വലുതായശേഷം ആദ്യമായി കാണുകയാണ് എന്നേയുള്ളൂ.
ഋതുമതിയായത് പത്താം ക്ലാസിൽ കുഞ്ഞേശൻ സാർ ചണ്ഡാലഭിക്ഷുകി പഠിപ്പിച്ചുനിന്ന നേരത്താണ്.
അന്ന് അവളുടെ വെള്ളപ്പാവാടയിൽ ചുവന്ന ഒരു ഗോളം കണ്ടു. ക്ലാസിൽ അടക്കം പറച്ചിലുകളും ബഹളവും ഉണ്ടായി. കുഞ്ഞേ ശൻസാർ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. ഒരു ടീച്ചർ വന്ന് അവളെ വിളിച്ചു ഓഫീസ് റൂമിൽ കൊണ്ടുപോയി. സ്കൂളിലെ ഒരു ജോലിക്കാരിയെ കൂട്ടി അവളെ വീട്ടിലേക്കയച്ചു.
വീട്ടിൽ ചെന്നപ്പോൾ വല്ലാത്ത പുകിലായി. അമ്മമ്മ പ്രാകാൻ തുടങ്ങി. ക്ലാസിൽ വച്ച് … അതും ഒരു അധ്യാപകൻ്റെ കണ്ണിൽപ്പെടുക? ഇതിനേക്കാൾ നാണക്കേട് എന്തുണ്ട്?
പിന്നെ അമ്മമ്മയുടെ കണ്ണിൽ അവൾ നോട്ടപ്പുള്ളിയായി.
നാടൻ ഭാഷയിൽ അവളെക്കുറിച്ച് അവളുടെ അമ്മമ്മ പറയുന്നത് ഇങ്ങനെയാണ്: “പെണ്ണെ, നീ പഴയപോലെ വീടിനു പുറത്തിറങ്ങി നടക്കയൊന്നും ചെയ്യരുത്. നീയിപ്പോൾ തലയും മുലയും വളർന്ന ഒരു പെണ്ണാണ്. ആണുങ്ങൾ കണ്ടാൽ… ?
ദിവസേന അഞ്ചാറു തവണ അമ്മമ്മ അവളെ ഇക്കാര്യം ഓർമ്മിപ്പിക്കും. അങ്ങനെ തലയും മുലയും വളർന്ന പെണ്ണിനെ കാണാനാണ് ചെറുപ്പക്കാരൻ്റെ വരവ്!
അമ്മമ്മ പറയുന്നതിലും കാര്യമുണ്ടെന്ന് അവൾ ഓർത്തു. കഴിഞ്ഞ സ്കൂൾ അവധിക്കാണല്ലോ മാമന്റെ വീട്ടിൽ ചെന്നു നിന്നത്. കുഞ്ഞുന്നാൾ മുതലുള്ള ശീലമാണ്. സ്കൂൾ അടച്ചാൽ അമ്മയുടെ ബന്ധുവീട്ടിൽ പോയി നിന്ന് അല്പം സ്വാതന്ത്യം അനുഭവിക്കുക….
പെട്ടെന്നാണ് അന്ന് രാത്രി അവൾക്ക് പനി വന്നത്. പൊള്ളുന്ന പനി ! മാമൻ, മഞ്ഞൾപ്പൊടിയും പനിക്കൂർക്ക നീരും തുളസി നീരും തേനിൽ ചേർത്ത് അവളെ കഴിപ്പിച്ചു. എന്നിട്ടും പനി കുറയുന്നില്ല. അവൾ പിച്ചും പേയും പറയാൻ തുടങ്ങി.
അവൾ മാമനെ കെട്ടിപ്പിടിച്ച് സാന്ത്വനത്തിനായി കൊതിച്ചു. മാമാ. എനിക്കു വയ്യ. തല പൊട്ടുന്നു .. ദേഹം മുഴുവൻ വേദന. ഉള്ളാകെ കിടുങ്ങുന്നു. ഈ രാത്രിതന്നെ ഞാൻ മരിച്ചുപോകും. എന്നെ നോക്കിക്കൊള്ളണേ…..
മാമൻ അവളെ അരികിൽ ചേർത്തു കിടത്തി… തടവി…. ഇടക്കിടെ നെറ്റിയിൽ തണുത്ത വെള്ളം നനച്ച തുണികൊണ്ട് തുടച്ച് പനി കളയാനും ശ്രമിച്ചു.
മയക്കത്തിലെപ്പോഴൊ പേടിപ്പെടുത്തുന്ന ഒരു സ്വപ്നം അവൾ കണ്ടു. ആകാശത്തോളം വലിപ്പമുള്ള കൊമ്പുകളുള്ള ഒരു ഭീകരജീവി അവളുടെ നേരെ ആക്രമണത്തിന് അടുക്കുകയാണ്.
അവൾ പേടിച്ചു നിലവിളിക്കാൻ ശ്രമിച്ചു. നാവനങ്ങുന്നില്ല. പിന്നീട് ബോധത്തിലേക്ക് സാവധാനം ഇറങ്ങി ഇറങ്ങി വരുമ്പോൾ അവളുടെ ആരും തൊടാത്ത സ്വകാര്യതയിൽ ഒരു കൈ പരതുന്നുണ്ടായിരുന്നു…..
അവൾ നിലവിളിക്കാൻ തുടങ്ങി….. മാമൻ അവളോട് ചോദിച്ചു. എന്തു പറ്റി മോളേ? നീ വല്ല സ്വപ്നവും കണ്ടോ?
എങ്ങിനെയെങ്കിലും നേരം വെളുപ്പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോൾ അവൾ മാമനെ തിരിഞ്ഞു തിരിഞ്ഞു നോക്കി. മാമൻ അവളുടെ നോട്ടത്തെ ഭയന്ന് തല കുനിച്ചു കുനിച്ചുനിന്നു….
അച്ഛന്റെ പ്രിയപ്പെട്ട ചെറുപ്പക്കാരനായിരുന്നു പുതുമണവാളൻ. രണ്ടുമൂന്നു വർഷംകൂടി വരികയാണ്. നല്ലോണം സ്വീകരിക്കണം. ഈ വരവ് മകളെ പെണ്ണു കാണാൻ വരുന്ന പ്രത്യേകതകൂടിയാണല്ലോ.
ഊണിന് കോഴിയെ കൊല്ലണം എന്ന് അച്ഛൻ. ഒരു പൂവൻകോഴിയും അഞ്ചാറ് പിടകളും വീട്ടിൽ ഉണ്ട്.
പൂവൻ ഭാഗ്യവാനാണ്!? എത്ര ഭാര്യമാരാണ് അവന്റെ കാര്യങ്ങൾ അന്വേഷിക്കാൻ! അവളോർത്തു: പക്ഷേ അതിനേക്കാൾ അവളെ സ്വാധീനിച്ചത് പൂവന്റെ നന്മമനസായിരുന്നു.
വെളുപ്പാൻ രാവിലേ അവൻ കൂവും. അതു കേട്ടുകൊണ്ടാണല്ലോ എല്ലാരും ഉണരുന്നത്. അമ്മ എഴുന്നേറ്റ് കോഴിക്കൂട് തുറക്കും. പിടകളെയും കൂട്ടി അവൻ പറമ്പിലേക്കിറങ്ങും. എല്ലാ പിടകൾക്കും അവൻ ചികഞ്ഞിട്ടു കൊടുക്കും. അവൾ അത് ശ്രദ്ധിച്ചു നോക്കി നിന്നിട്ടുണ്ട്.
അവന് എല്ലാ പിടകളും ഒരുപോലെയാണ്. ചികഞ്ഞിട്ടതിൽ ഒന്നുപോലും അവൻ കഴിക്കില്ല. അവന്റെ കാമുകിമാരെയും ഭാര്യമാരേയും സംരക്ഷിക്കുന്ന അവന്റെ ഉത്തരവാദിത്വബോധം! അതുകൊണ്ടാണ് അവൾ അവനെ അത്രയേറെ ഇഷ്ടപ്പെട്ടതും.
അമ്മ പറഞ്ഞു: മുട്ടയിടാത്ത ആ കറുത്ത കോഴി ഉണ്ടല്ലോ, അതിനെ കൊന്നാൽ മതി.
വേണ്ട വേണ്ട. അച്ഛൻ പറഞ്ഞു: അത് കുറെ നെയ്യ് വച്ച കോഴിയാണ്. മച്ചി! കോഴിയെ അറുക്കുമ്പോൾ – നെടുകെ പിളർക്കുമ്പോൾ മാംസത്തിനു പകരം മഞ്ഞ നിറമുള്ള ആ നെയ്യ് ! വേണ്ട വേണ്ട. പൂവനെ കൊന്നാൽ മതി. അവന് നല്ല മാംസം ഉണ്ട്. എന്നാൽ ഇളതുമാണ്. നല്ല പരുവമായിരിക്കും തിന്നാൻ.
ഞാനാണ് അവന് തീറ്റ കൂടുതലിട്ടു കൊടുത്ത് ഇത്രേം മാംസം വയ്പിച്ചത് എന്ന് അമ്മ!
ആരു പറഞ്ഞു ഞാനാണ് അവന് കൂടുതൽ തീറ്റ കൊടുക്കുന്നത് എന്നു തർക്കിച്ച് അവകാശം സ്ഥാപിച്ചു അച്ഛനും!!!
ബുധനാഴ്ച വെളുത്തു. എന്തോ ഉത്സവപ്രതീതിപോലെ! അച്ഛനും അമ്മയും ഉത്സാഹത്തോടെ പണികൾ തുടങ്ങി. പുതുമണവാളൻ വളരെ വൃത്തിക്കാരനാണ്. പൊടിയടിച്ച കസേരകളും മറ്റും കഴുകി ഉണക്കുന്നു, ഊണുകഴിക്കാനുള്ള മേശ കഴുകുന്നു. എല്ലാ പരിശ്രമവും അച്ഛൻ.
ഭക്ഷണം കഴിച്ചിട്ട് കൈ തുടയ്ക്കാൻ കാൽപ്പെട്ടിയിൽ അലക്കി സൂക്ഷിച്ചുവച്ചിരുന്ന വെള്ള തോർത്ത്.
ഊണു കഴിഞ്ഞ് അല്പം വിശ്രമിക്കാൻ അച്ഛൻ കിടക്കുന്ന കട്ടിലിൽ പുതിയ ഷീറ്റും വെള്ളയിൽ ചുവന്ന പൂക്കളുള്ള കിന്നരിവച്ച തലയിണയും ഒരുക്കി……
മരത്തിൽ കേറി പെണ്ണായതുകൊണ്ട് എന്തു കാര്യത്തിനും അച്ഛൻ അവളുടെ സഹായം തേടും. തേങ്ങയിടാൻ, ചക്കയിടാൻ, മാങ്ങ അടർത്താൻ, കശുവണ്ടി അടർത്താൻ, പശുവിന് പുല്ലു പറിക്കാൻ, ആടിന് തോലൊടിക്കാൻ എന്നു വേണ്ട കയറു പൊട്ടിച്ചോടുന്ന കാളക്കൂറ്റനെ പിടിച്ചുകെട്ടാൻവരെ അവളുടെ സഹായം വേണ്ടിവരും.
കോഴിയെ പിടിക്കാൻ അച്ഛൻ അവളോട് പറഞ്ഞു. തനിക്ക് പറ്റില്ല എന്നു അവൾ കട്ടായം പറഞ്ഞു. കുറെ നെല്ല് ഇട്ടു കൊടുത്തിട്ട് അനുജത്തിയും അനിയനും അച്ഛനും ഒക്കെക്കൂടി കോഴി ബാ ബാ ബാ എന്നു വിളിച്ചു.
പിടകൾ എല്ലാം ഓടിച്ചെന്നു. പൂവൻ എന്തോ അടയാളം കൊടുത്തു. കൂടാതെ പേടിച്ച് എന്തോ ശബ്ദം പുറപ്പെടുവിക്കയും ചെയ്തു. നെല്ല് കൊടുത്തത് കൊത്തിത്തിന്നാതെ പിടകൾ പേടിച്ച് നിൽക്കയാണ്. തങ്ങളുടെ പ്രിയതമൻ പേടിച്ച് നിലവിളിക്കുന്നു …! എന്തോ ആപത്ത് ഉണ്ട്…! പിടകൾ ശബ്ദമുണ്ടാക്കിക്കൊണ്ട് പരിഭ്രമിച്ച് അവിടവിടെ മാറിനിന്നു.
സാധാരണ വിളിച്ചാൽ പൂവൻ വരുന്നതാണ്. ഇന്ന് അവൻ വരുന്നില്ല. അവന് കാര്യം പിടികിട്ടിയപോലെ. അവൻ പേടിച്ചരണ്ട് വൃക്ഷങ്ങളിലും മറ്റും ചാടിക്കയറുന്നുണ്ട്.
പാവം! അവൾക്ക് സങ്കടം തോന്നി.
ഇത്രേംനാൾ എത്ര സ്നേഹമായിട്ടാ അവനോട് എല്ലാവരും പെരുമാറിയത്.
അവനെ അവൾ പേരിട്ട് വിളിച്ചിരുന്നു. സുന്ദരൻ! ശരിക്കും സുന്ദരൻ തന്നെയായിരുന്നു അവൻ.
അവന്റെ മീശയും പൂവും ഒക്കെ എത്ര ഭംഗിയുള്ളതാണ്…എന്താണ് അവന്റെ ഒരു തലയെടുപ്പ്!
അവന്റെ വിരിഞ്ഞ മാറ്! ശക്തിയുള്ള കാലുകൾ ! ഒരു വീരപുരുഷന്റെ ഛായ…..
ഇന്ന് അവനെ കൊല്ലാൻ പോകുന്നു. ദയവില്ലാത്ത ഈ മനുഷ്യൻമാരൊക്കെ തുലഞ്ഞുപോവട്ടെ ഈശ്വരാ എന്ന് പ്രാകിക്കൊണ്ട് ചാണകം മെഴുകിയ തറയിൽ കമിഴ്ന്നു കിടന്നുകൊണ്ട് അവൾ കരഞ്ഞു. അല്പമകലെ അവന്റെ പ്രാണന്റെ പിടച്ചിൽ….
അപ്പോഴാണ് ഒരു കാർ ബ്രേക്കിട്ടു നിർത്തിയത് അവൾ കണ്ടത്..
കടുത്ത ചൂടുള്ള ആ ഉച്ചനേരത്ത് അവൾ പുതപ്പ് വലിച്ചു തൻ്റെ മുഖം മൂടിവച്ചു, ചെവികളിൽ വിരലുകൾ അമർത്തിവച്ചു.
സുന്ദരന്റെ ശരീരം കറിയാകുന്നതിന്റെ വല്ലാത്ത ഗന്ധം! അതവളുടെ തലച്ചോറിലേക്ക് ഇരച്ചു കയറിക്കൊണ്ടേയിരുന്നു…..