സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു; വ്യാപന ഭീതിയില്‍ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ജനുവരി 30ന് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ 1,02,191 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 73904 പേര്‍ രോഗ മുക്തി നേടി. 27877 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 410 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

അതേസമയം കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തിനായിട്ടുണ്ട്. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം കേരളമായിരുന്നിട്ടും കൊവിഡ് രോഗം സ്ഥിരീകരിച്ചവര്‍ ഒരു ലക്ഷം മാത്രമാണ്. കേരളത്തിന് പിന്നാലെ രോഗം സ്ഥിരീകരിച്ച പല സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം കേരളത്തിലേക്കാള്‍ കൂടുതലാണ്. മരണ നിരക്കും ഉയര്‍ന്നതാണ്.

അതേസമയം ഈ മാസം 21ാം തിയ്യതി നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും. പ്രായമുള്ളയാളുകളിലേക്ക് രോഗം പടര്‍ന്നാല്‍ വെന്റിലേറ്റര്‍ തികയാതെ വരുമെന്നും, അതിനാല്‍ പ്രായമുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

വരാനിരിക്കുന്ന നാളുകള്‍ വന്നതിനെക്കാള്‍ കടുത്തതാണ്. ഇത്രയും നേരിട്ടവരാണ് നമ്മള്‍. കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറെടുക്കണമെന്നും കെകെ ശൈലജ പറഞ്ഞു.സംസ്ഥാനത്ത് മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും മരണനിരക്ക് കൂടുതലാണ്. ആ രീതിയില്‍ സംസ്ഥാനത്തും രോഗികള്‍ മരിക്കുമായിരുന്നെങ്കില്‍ പതിനായിരം കടക്കും എന്നാണ് വിദഗ്ധര്‍ പറഞ്ഞത്. അത് നമുക്ക് തടയാനായത് യോജിച്ച പ്രവര്‍ത്തനം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ ഇടപെടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.