പ്രചാരണങ്ങള്‍ക്ക് അല്‍പ്പായുസ്സാണ്, ജലീല്‍ രാജി വെയ്ക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെടി ജലീലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ ജലീലിനെ വിളിപ്പിച്ചത്. എന്‍ഐഎ സാക്ഷിയെന്ന നിലയില്‍ ആണ് കെടി ജലീലിനെ വിളിപ്പിച്ച് വിവരങ്ങള്‍ ആരാഞ്ഞത്. അതിലെന്താണ് തെറ്റെന്നും കോടിയേരി ചോദിച്ചു.

ഖുര്‍ആന്‍ നിരോധിച്ച പുസ്തകമാണോ? ഖുര്‍ആന്‍ കൊടുക്കുന്നത് നിയമ വിരുദ്ധമാണോ? ആര്‍എസ്എസ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഒപ്പം ചേര്‍ന്നത് എങ്ങനെ? ഖുര്‍ആന്‍ കൊണ്ടുവന്നതിലും വിതരണം ചെയ്തതിലും ബിജെപി ഉന്നയിക്കുന്ന എതിര്‍പ്പ് പികെ കുഞ്ഞാലിക്കുട്ടി ഏറ്റുപിടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പ്രചാരണങ്ങള്‍ക്ക് അല്‍പ്പായുസ്സാണ്. കെടി ജലീല്‍ രാജിവെയ്ക്കാന്‍ പോകുന്നില്ല. എന്ത് സമരം നടത്തിയാലും അതുണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പതിനാല് മണിക്കൂര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നിലിരുന്നു. അന്നത്തെ മുഖ്യമന്ത്രി രാജിവച്ചിരുന്നെങ്കില്‍ ധാര്‍മ്മികത മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു എന്നും കോടിയേരി പ്രതികരിച്ചു.