പൊലീസില്‍ വന്‍ അഴിച്ചുപണി

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊലീസും നിറം മാറാന്‍ തയ്യാറെടുക്കുന്നു. നിലവില്‍ ക്രമസമാധാന ചുമതലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് നിറം മാറ്റം. ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ വിങ്ങിലേക്ക് പോകാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു സര്‍ക്കാറിനും തുടര്‍ഭരണം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഭരണം മാറുമെന്ന് പ്രതീക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ് സ്ഥലമാറ്റവും ആഗ്രഹിക്കുന്നത്. ഇതില്‍ എസ്.ഐ മുതല്‍ ഐ.പി.എസ് ഉദ്യാഗസ്ഥര്‍ വരെ ഉള്‍പെടും. പുതിയ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ ആദ്യം തന്നെ അഴിച്ചു പണി നടത്തുന്നത് പൊലീസിലാണ്. നിലവില്‍ ക്രമസമാധാന ചുമതലയിലുള്ള ഉദ്യോഗസ്ഥരെ മാറ്റുക എന്നത് മാറി വരുന്ന സര്‍ക്കാറുകളുടെ ആദ്യ അജണ്ടയാണ്. ഇതു തന്നെയാണ് സ്ഥാനമോഹികളെ ആശങ്കപ്പെടുത്തുന്നതും.

ഇടതു സര്‍ക്കാര്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പ്രക്ഷോഭവും കൂടുതല്‍ ശക്തമാകും. ഇതിനെ നേരിടുമ്പോള്‍ നോട്ടപ്പുള്ളികളാകുമെന്ന കാര്യവും ഒരു വിഭാഗത്തെ അലട്ടുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൊലീസില്‍ വലിയ അഴിച്ചുപണിയാണ് നടക്കാന്‍ പോകുന്നത്. മൂന്ന് വര്‍ഷമായി ക്രമസമാധാന ചുമതലയില്‍ തുടരുന്നവരെയെല്ലാം മാറ്റും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശവും അതു തന്നെയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പുറത്തിറങ്ങും മുന്‍പ് സ്ഥലമാറ്റങ്ങളും പൂര്‍ണ്ണമാകും. സ്റ്റേഷന്‍ എസ്.എച്ച്.ഒ മുതല്‍ സംസ്ഥാന പൊലീസ് ചീഫ് വരെയാണ് മാറുക. പുതിയ പൊലീസ് മേധാവിയായി ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ടോമിന്‍ തച്ചങ്കരിക്കാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി മാത്രമല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും നല്ല അടുപ്പമാണ് അദ്ദേഹത്തിനുള്ളത്.

തച്ചങ്കരിയെക്കാള്‍ സീനിയര്‍ ആണെങ്കിലും ഋഷിരാജ് സിംഗിന് പ്രവര്‍ത്തന കാലയളവ് കുറച്ചേയുള്ളു. 2021 ജൂലായില്‍ അദ്ദേഹം വിരമിക്കും. തച്ചങ്കരിക്കാകട്ടെ 3 വര്‍ഷത്തോളമാണ് സര്‍വ്വീസ് ബാക്കിയുള്ളത്. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന് 2 വര്‍ഷത്തെ സര്‍വ്വീസാണ് അവശേഷിക്കുന്നത്. എസ്.പി.ജി മേധാവി അരുണ്‍കുമാര്‍ സിന്‍ഹ തിരിച്ചു വരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹവും സംസ്ഥാന പൊലീസ് ചീഫ് ലിസ്റ്റില്‍ പരിഗണിക്കപ്പെടും. സംസ്ഥാനം നല്‍കുന്ന ലിസ്റ്റില്‍ നിന്നും യു.പി.എ.സിയാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കുക. വരുന്ന ജനുവരിയില്‍ കൊച്ചി കമ്മീഷണര്‍ വിജയ് സാഖറ, ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് എന്നിവര്‍ക്ക് എ.ഡി.ജി.പിമാരായി സ്ഥാനകയറ്റം ലഭിക്കും. ഡി.ഐ.ജി നാഗരാജുവിന് ഐ.ജിയായും ഇതോടൊപ്പം പ്രമോഷന്‍ ലഭിക്കും.

ഡി.ജി.പി ആര്‍. ശ്രീലേഖ ഡിസംബറില്‍ വിരമിക്കുന്നതോടെ വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിനാണ് ഡി.ജി.പി പദവി ലഭിക്കുക. ജില്ലാ പൊലീസ് സൂപ്രണ്ട്, സിറ്റി പൊലീസ് കമ്മീഷണര്‍, റെയ്ഞ്ച് ഡി.ഐ.ജി, മേഖല ഐ.ജിമാര്‍, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്നിവര്‍ക്കും സ്ഥലമാറ്റമുണ്ടാകും. വിജയ് സാഖറെ പ്രമോഷനാകുന്നതോടെ കൊച്ചി സിറ്റിയില്‍ പുതിയ കമ്മീഷണറെ നിയോഗിക്കേണ്ടി വരും. ഈ കീ പോസ്റ്റിനോട് പോലും മറ്റു ഐ.ജിമാര്‍ക്കിപ്പോള്‍ പ്രത്യേക താല്‍പ്പര്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ മാറിയാല്‍ ഉടന്‍ തന്നെ തെറിക്കുമെന്ന ആശങ്കയാണ് ഈ പിന്നോട്ടടിക്കും കാരണം.

ക്രമസമാധാന ചുമതലയിലുള്ള സി.ഐ, എ.സി.പി, ഡി.വൈ.എസ്.പി തസ്തകയിലുള്ളവരും പുതിയ ലാവണങ്ങളാണ് തേടുന്നത്. സര്‍ക്കാറിന്റെ അവസാന ഘട്ടത്തില്‍ പ്രതിപക്ഷ പ്രക്ഷോഭം രൂക്ഷമാകുമെന്നതും ഇവരുടെ താല്‍പര്യമില്ലായ്മക്ക് ഒരു പ്രധാന ഘടകമാണ്. അതേസമയം എത് സര്‍ക്കാറായാലും മുഖം നോക്കാതെ ജോലി ചെയ്യുമെന്ന നിലപാടിലാണ് യുവ ഐ.പി.എസുകാര്‍. കണ്‍ഫേഡ് ഐ.പി.എസുകാരില്‍ ചിലരാണ് ഐ.പി.എസുകാരെ പറയിപ്പിക്കുന്നത്. പൊലീസിന് പിണറായി സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതും ഈ വിഭാഗമാണ്. വലിയ അഴിമതി ആരോപണങ്ങളാണ് എസ്.പി, ഡി.ഐ.ജി റാങ്കിലുള്ള കണ്‍ഫേഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. വിരമിക്കല്‍ തിയ്യതി അടുക്കുന്നതോടെ അഴിമതി വര്‍ധിക്കുന്ന പ്രവണതയും പൊലീസിലിപ്പോള്‍ കൂടുതലാണ്.