മതഗ്രന്ഥങ്ങള്‍ കൈവശം വെയ്ക്കാന്‍ സ്വാതന്ത്രമുണ്ട്, കേരള സര്‍ക്കാര്‍ കൊടുത്ത സൗജന്യമല്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെ ടി ജലീല്‍ വിഷയത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സി.പി.എം. ഖുര്‍ആന്‍ വിവാദമാക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് പ്രയോജനമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഖുര്‍ആന്‍ വിഷയം സംബന്ധിച്ച് പല മതനേതാക്കളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. അത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ചു. ഓരോ മതവിശ്വാസികളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ ഈ നാട്ടില്‍ നിര്‍ബാധം കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം ഉണ്ട്. അത് ഇന്നലെ അധികാരത്തില്‍ വന്ന കേരള സര്‍ക്കാര്‍ കൊടുത്ത സൗജന്യമല്ല. ഇന്ത്യന്‍ ഭരണഘടന എല്ലാ മതവിഭാഗങ്ങള്‍ക്കും നല്‍കുന്ന സ്വാതന്ത്ര്യമാണത്.

കേസില്‍നിന്ന് രക്ഷപ്പെടാനായി ഇക്കാര്യം വിവാദമാക്കുന്നതില്‍ കാര്യമില്ല. ഞങ്ങളുന്നയിക്കുന്ന ആരോപണം വേറെയാണ്. അതിനാണ് കൃത്യമായി മറുപടി നല്‍കേണ്ടത്. അധികാര സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്തും റമദാന്‍ കിറ്റ് ഖുര്‍ആന്‍ എന്നുപറഞ്ഞ് വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുകയല്ല വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പിക്ക് മുതലെടുക്കാന്‍ അവസരം കൊടുക്കുന്നത് ഇത് വിവാദമാക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് പല അജണ്ടയുമുണ്ട്. ഞങ്ങള്‍ക്കത് അറിയാം. ശ്രദ്ധിക്കേണ്ടത് വിവാദമുണ്ടാക്കി തടിയൂരാന്‍ ശ്രമിക്കുന്നവരാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി യു.ഡി.എഫ്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച വൈകീട്ട് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.