ഭീകരവാദ ബന്ധം; മലയാളി ഉള്‍പ്പെടെ രണ്ട് പേരെ തിരുവനന്തപുരത്ത് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു

തിരുവന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ട് പേരെ എന്‍ഐഎ സംഘവും ബംഗലൂരു പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശി ഷുഹൈബ്, ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍ നവാസ് എന്നിവരാണ് പിടിയിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവരെ റിയാദില്‍ നിന്ന് ഡി പോര്‍ട്ട് ചെയ്യുകയായിരുന്നു.

ഇവര്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ടാണ് ഷുഹൈബിന്റെ അറസ്റ്റ് എന്നാണ് വിവരം. പിടിയിലായ ഷുഹൈബ് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയാണ്. ഷുഹൈബിനെ കസ്റ്റഡിയിലെടുത്തത് ബംഗലുരു പോലീസാണ്. കസ്റ്റഡിയിലെടുത്ത ശേഷം ശുഹൈബിനെ ബംഗലൂരുവിലേക്ക് കൊണ്ടുപോയി.

ഗുല്‍നവാസിനെ എന്‍ഐഎയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നാളെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകും. യുപി സ്വദേശിയും ലഷ്‌കര്‍ അംഗവുമായ ഗുല്‍ നവാസിന് ഡല്‍ഹി സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ