കൊവിഡ് പ്രതിസന്ധി കാലത്ത് ഭാഗ്യദേവത തിരുവോണം ബമ്പറിന്റെ രൂപത്തിൽ

ഇടുക്കി: കൊവിഡ് പ്രതിസന്ധി കാലത്ത് ഭാഗ്യദേവത തിരുവോണം ബമ്പറിന്റെ രൂപത്തിൽ തേടിയെത്തിയ സന്തോത്തിലാണ് ഇടുക്കി കട്ടപ്പനയിലെ ഈ കുടുംബം. എറണാകുളത്ത് ജോലി ചെയ്യുന്ന അനന്തുവിലൂടെയാണ് 12 കോടിയുടെ ഒന്നാം സമ്മാനം ഇടുക്കിയിലേക്ക് എത്തിയത്. കട്ടപ്പന കാറ്റാടികവലയിലാണ് അനന്തുവിന്റെ വീട്. കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബമ്പർ ഭാഗ്യക്കുറിയിലൂടെ 12 കോടി രൂപയാണ് അനന്തു ഉൾപ്പടെയുള്ള അഞ്ച് പേരടങ്ങുന്ന കുടുംബത്തിലേക്ക് എത്തിയത്. സുമ, വിജയൻ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ബമ്പർ സമ്മാനം ലഭിച്ച അനന്തു. മകനിലൂടെ ഭാഗ്യദേവത എത്തിയതിൽ വളരെയധികം സന്തോഷമാണെന്ന് ഈ കുടുംബം പറയുന്നു. പെയിന്റിങ് തൊഴിലാളിയാണ് വിജയൻ. ഇദ്ദേഹവും ഓണം ബമ്പർ ടിക്കറ്റ് എടുത്തിരുന്നു. കട്ടപ്പനയിൽ നിന്ന് വിജയൻ ടിക്കറ്റ് എടുത്തപ്പോൾ അനന്തു എറണാകുളത്ത് നിന്നാണ് ഭാഗ്യം പരീക്ഷിച്ചത്.

‘ജീവിതത്തിൽ ആദ്യമായി 300 രൂപ മുടക്കി ബമ്പറെടുത്തു. എന്നാൽ ഫലം വന്നപ്പോൾ ഒന്നും കിട്ടിയില്ല. അതിന്റെ വിഷമത്തിലായിരുന്നു ഞാൻ. അപ്പോഴാണ് അനന്തു വിളിച്ച് കാര്യം പറയുന്നത്. സത്യം പറഞ്ഞാ ഒരു തരിപ്പ് പോലെ ആയിരുന്നു കേട്ടപ്പോ. ദൈവം നമ്മളെ കൈവിട്ടില്ലല്ലോ എന്ന് തോന്നി. എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാത്ത അവസ്ഥ. പ്രതീക്ഷിച്ചിരുന്നില്ല ഭാഗ്യം വരുമെന്ന്. കിട്ടിയതിൽ ഒത്തിരി സന്തോഷം’- അനന്തുവിന്റെ അച്ഛൻ വിജയൻ പറയുന്നു.

കുന്നിൻ മുകളിലാണ് അനന്തുവിന്റെ പഴയ ഓടിട്ട വീട്. കാറ്റടിക്കുമ്പോഴോക്കെ ഓടുകൾ പാറിപോകും. ശുദ്ധജലം കിട്ടാനും വളരെയധികം ബുദ്ധിമുട്ടാണ്. സമ്മാന തുക ഉപയോഗിച്ച് വഴിയും വെള്ളവും ഒക്കെയുള്ള ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്ന് വിജയൻ പറയുന്നു.

കുന്നുംപുറത്താണ് താമസം. ഇവിടെ വഴിയും വെള്ളവും ഇല്ല. വേനൽകാലത്ത് പുറത്തുനിന്നുമാണ് വെള്ളം വാങ്ങുന്നത്. ലോക്ക്ഡൗൺ കാലത്ത് 5000 രൂപയ്ക്കായിരുന്നു വെള്ളം വാങ്ങിയത്. കുന്നുംപുറത്തു നിന്ന് ഞങ്ങൾക്ക് ആദ്യമൊന്ന് ഇറങ്ങണം. വഴി സൗകര്യമുള്ളിടത്ത് പത്ത് സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കണമെന്നാണ് ആഗ്രഹം. പിന്നെ മൂത്ത മകൾ ആതിരയെ വിവാഹം കഴിച്ചയക്കണം- വിജയൻ തന്റെ ആഗ്രഹങ്ങൾ പറയുന്നു.

സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ അനന്തുവിന്റെ മൂത്തസഹോദരി ആതിരയെ വിവാഹം കഴിച്ചയക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു കുടുംബം. എറണാകുളത്ത് ഒരു സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നു ആതിരക്ക്. എന്നാൽ കൊറോണ വന്നതോടെ ഇപ്പോൾ വീട്ടിൽ തന്നെ കഴിയുകയാണ്.

കട്ടപ്പനയിലെ സുരഭി എന്ന ടെക്‌സ്‌റ്റൈയിൽസിലാണ് അനന്തുവിന്റെ അമ്മ ജോലി ചെയ്യുന്നത്. അരവിന്ദാണ് അനന്തുവിന്റെ അനിയൻ. സുമയ്ക്കും ആതിരയ്ക്കും അനുജൻ അരവിന്ദിനും എല്ലാ സൗകര്യങ്ങളുമുള്ള വീട് തന്നെയാണ് സ്വപ്നം. പിജി ചെയ്യണമെന്നായിരുന്നു അനന്തുവിന്റെയും ആഗ്രഹം. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം അത് നടന്നില്ല. ഇനി അരവിന്ദിനെയെങ്കിലും നന്നായി പഠിപ്പിക്കണമെന്നാണ് സുമയുടെ ആഗ്രഹം. നിലവിൽ കട്ടപ്പനയിലെ ഒരുസ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് അരവിന്ദ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ