‘നോ ഡാറ്റ അവൈലബിള്‍’ എന്‍ഡിഎയ്ക്ക് പുതിയ നിര്‍വചനം കണ്ടെത്തി ശശി തരൂര്‍

ന്യൂഡല്‍ഹി: ‘നോ ഡാറ്റ അവൈലബിള്‍’ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് പുതിയ നിര്‍വചനം നല്‍കി കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ എംപി. ട്വിറ്ററിലാണ് ശശി തരൂര്‍ പരിഹാസ രൂപേണ നിര്‍വചനം പങ്കുവെച്ചത്. വിവിധ വിഷയങ്ങളില്‍ സര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ കണക്കോ റിപ്പോര്‍ട്ടോ ഇല്ലാത്തതിനെ ചോദ്യം ചെയ്താണ് കാര്‍ട്ടൂണ്‍ തരൂര്‍ പങ്കുവെച്ചത്.

കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചും കര്‍ഷക ആത്മഹത്യകളെ സംബന്ധിച്ചും സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും കൊവിഡ് മരണങ്ങളെക്കുറിച്ചും സര്‍ക്കാറിന്റെ കൈയില്‍ വ്യക്തമായ രേഖയില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ എന്‍ഡിഎ എന്നതിന് നോ ഡാറ്റ അവൈലബിള്‍ എന്ന പൂര്‍ണരൂപമാണ് യോജിക്കുകയെന്നും എംപി പറഞ്ഞു.

കര്‍ഷക ആത്മഹത്യകളുടെയും ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതിന്റെയും കണക്കുകള്‍ സര്‍ക്കാറിന്റെ പക്കല്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ, കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ എണ്ണം പോലും സര്‍ക്കാറിന്റെ കൈയിലില്ലെന്ന് മറുപടിയില്‍ പറഞ്ഞു. പിന്നാലെയാണ് ശശി തരൂരിന്റെ പരിഹാസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ