വെളുത്ത പോത്ത് പിറന്നു, കണ്ണുവീഴാതിരിക്കാന്‍ ഗ്രാമം അടച്ച് നാട്ടുകാര്‍

വാഷിങ്ടണ്‍: വെളുത്ത പോത്ത് ജനിച്ചതിന്റെ സന്തോഷത്തിലാണ് അമേരിക്കയിലെ മൊണ്ടാനയില്‍ ബിറ്റര്‍റൂട്ട് താഴ്വരയിലുള്ള ലോലോ പ്രവിശ്യയിലുള്ളവര്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പിറന്ന വെളുത്ത പോത്തിന് മറ്റുള്ളവരുടെ കണ്ണുവീഴാതിരിക്കാന്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാതെ ഗ്രാമം തന്നെ അടച്ചിരിക്കുകയാണ് ഗ്രാമവാസികള്‍.

കൃഷിക്കാരാണ് ഗ്രാമത്തിലുള്ളവരിലേറെയും. ഭാരതത്തിന്റെ ഐരാവതം പോലെ അനുഗ്രഹത്തിന്റെ അടയാളമാണ് മൊണ്ടാനക്കാര്‍ക്ക് വെളുത്ത പോത്ത്. വെളുത്ത പോത്ത് ജനിക്കുന്നത് ഇവിടുത്തുകാര്‍ വലിയ ഭാഗ്യമായി കരുതുന്നു. മറ്റുള്ളവരുടെ ‘കണ്ണു വീഴാതിരിക്കാന്‍’ വെളുത്ത പോത്തിനെ പാര്‍പ്പിക്കാന്‍ അവര്‍ സുരക്ഷിതമായ മുറിയുണ്ടാക്കി.

മൊണ്ടാന സന്ദര്‍ശിക്കുന്നവരില്‍ പലരും വെളുത്ത പോത്തിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അവിടുത്തെ കര്‍ഷകര്‍ അനുമതി നല്‍കിയില്ല. നൂറു വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് വെളുത്ത പോത്ത് പിറന്നത്. അതുകൊണ്ടുതന്നെ സംഭവം വലിയ വാര്‍ത്തയായി.

സമൂഹത്തിലെ തിന്മകള്‍ വര്‍ധിക്കുമ്പോള്‍ നേര്‍വഴി തെളിക്കാന്‍ ദൈവം അവതരിച്ചുവെന്ന് ഗോത്രവാസികള്‍ പറയുന്നു. സംഭവമറിഞ്ഞ് മാധ്യമങ്ങള്‍ ക്യാമറയുമായി ചെന്നെങ്കിലും ‘ഭാഗ്യം നഷ്ടപ്പെടാതിരിക്കാന്‍’ കൃഷിക്കാര്‍ വെളുത്ത പോത്തിനെ വീടിനുള്ളില്‍ ഒളിപ്പിച്ചു. തൊണ്ണൂറു വര്‍ഷം മുന്‍പാണ് മൊണ്ടാനയില്‍ ആദ്യത്തെ വെളുത്ത പശു ജനിച്ചത്.

പശുക്കളെ വളര്‍ത്തി ജീവിക്കുന്നവരുടെ സ്ഥലമാണു ബിറ്റര്‍റൂട്ട്. ഇവിടെ മൂന്നൂറ് ഏക്കര്‍ സ്ഥലത്തു കൃഷിയാണ്. ഗോത്രവിശ്വാസങ്ങള്‍ പിന്‍തുടരുന്നവരാണ് തദ്ദേശീയര്‍.വെളുത്ത പോത്ത് ജനിച്ച ദിവസം മുതല്‍ ഒരാഴ്ച ഗോത്രവാസികള്‍ ആഘോഷം സംഘടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ