ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശം; നിലപാട് തീരുമാനിക്കാന്‍ സിപിഐ യോഗം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിലുള്ള സി.പി.ഐ നിലപാട് രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കും. കേരള കോണ്‍ഗ്രസ്(എം)- ഇടതു ബന്ധത്തെക്കുറിച്ച്‌ ഇന്നാരംഭിക്കുന്ന സിപിഐ നിര്‍വാഹക സമിതിയോഗം ചര്‍ച്ച ചെയ്യുമെങ്കിലും പാര്‍ട്ടി തീരുമാനം നീണ്ടേക്കും. ജോസ് കെ.മാണിയുടെ പാര്‍ട്ടി ആദ്യം രാഷ്ട്രീയ നിലപാടു പ്രഖ്യാപിക്കട്ടെ എന്ന മനോഭാവത്തിലാണു സിപിഐ.
യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച്‌, സ്ഥാനമാനങ്ങള്‍ രാജിവച്ചെത്തിയാല്‍ ജോസ് കെ. മാണിയെ സ്വീകരിക്കാന്‍ സി.പി.ഐ സമ്മതം മൂളിയേക്കും. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിവാദങ്ങളും മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ആരോപണങ്ങളും എക്സിക്യൂട്ടീവ് ചര്‍ച്ചചെയ്യും. കേരള കോണ്‍ഗ്രസിനെ (എം)ഇടതു മുന്നണിയുടെ ഭാഗമാക്കണമെന്ന അഭിപ്രായം സിപിഐ നേതൃത്വത്തെ സിപിഎം അറിയിച്ചിട്ടുണ്ട്. കെ.എം.മാണി ആ പാര്‍ട്ടിയെ നയിച്ചപ്പോഴെടുത്ത നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണു സിപിഐ നേരത്തെ വ്യക്തമാക്കിയത്. മുന്നണിയിലെ മറ്റു ഘടകകക്ഷികളെ ഒപ്പം നിര്‍ത്തി സിപിഐയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണു സിപിഎം. അതിനാല്‍ ഏറ്റുമുട്ടി വഷളാക്കാന്‍ സിപിഐ ഇല്ല.
ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം ചര്‍ച്ചയായ ആദ്യഘട്ടം മുതല്‍ക്കെ കടുത്ത എതിര്‍പ്പാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉയര്‍ത്തിയത്. എന്നാല്‍ കാനത്തെ അനുനയിപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ നേരിട്ട് രംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനവുമായി ചര്‍ച്ച നടത്തി. അസ്വാരസ്യമുണ്ടാക്കി മുന്നണി വിപുലീകരണം ആഗ്രഹിക്കുന്നില്ലെന്നും സി.പി.എം നേതാക്കള്‍ പരസ്യ നിലപാടെടുത്തു.സി.പി.എം നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ കാനത്തിന്‍്റെ നിലപാടില്‍ അയവു വന്നതായാണ് സൂചന. എങ്കിലും ജോസ് കെ മാണിയെ കൂടെക്കൂട്ടാന്‍ സിപിഐ ചില നിബന്ധനകള്‍ മുന്നോട്ടു വച്ചേക്കും.