ആർ.എൽ.വി രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം; കെപിഎസി ലളിതയുടെ വാദം തെറ്റ്

ആർ എൽ വി രാമകൃഷ്ണന് കേരള ലളിത കലാ അക്കാദമിയുടെ ഓൺലൈൻ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ച വിവാദത്തിൽ അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിതയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന ശബ്‌ദരേഖ പുറത്ത്.

സംഗീത നാടക അക്കാദമിയുടെ സർഗ്ഗ ഭൂമിക എന്ന ഓൺലൈൻ കലാപരിപാടികൾക്കായി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു കെപിഎസി ലളിത ഇന്നലെ അറിയിച്ചത്. എന്നാൽ കെപിഎസി ലളിതയും രാമകൃഷ്ണനും തമ്മിൽ നടത്തിയ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂ എന്നും കെപിഎസി ലളിത ഫോണിൽ പറയുന്നുണ്ട്. എന്നാൽ പരിപാടിക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടില്ല എന്നാണ് അക്കാദമിയുടെ നിലപാട്.തനിക്ക് ജാതീയമായ വിവേചനം മൂലമാണ് അവസരം നിഷേധിച്ചതെന്നാണ് രാമകൃഷ്ണന്റെ വാദം. ഇതിൽ മനംനൊന്താണ് രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാതി വിവേചനമില്ലാത്തൊരു കലാലോകമുണ്ടാവട്ടെ എന്ന് എഴുതി വച്ചാണ് രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്.  കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ അറിയിച്ചു.