പ്രണയാനന്തരം ( കവിത -പ്രീതി രഞ്ജിത്ത് )

സ്വയം പരാജയം ഏറ്റുവാങ്ങി
ഒരുവൾ ആത്മഹത്യ ചെയ്യുന്നത് എപ്പോഴാണ്
വിശ്വാസമർപ്പിച്ചവർ നിഷ്കരുണം
പുറം തള്ളുമ്പോൾ
അടഞ്ഞ വാതിലുകൾക്കപ്പുറം
കരഞ്ഞു തളരുമ്പോൾ
വിരലുകളെല്ലാം അവളുടെ
നേർക്കു നീളുമ്പോൾ
കുറ്റപ്പെടുത്തലുകളുടെ ശരമുനകൾ
ഏറ്റുവാങ്ങി തളരുമ്പോൾ
പരാതികളും പരിഭവങ്ങളും
കേൾവിക്കാരില്ലാതെ കാറ്റിലലിയുമ്പോൾ
പിടിച്ചു നിൽക്കാനാവാതെ കാലുകൾ
ഊഴിയിൽ താഴാൻ തുടങ്ങുമ്പോൾ
ഒരിറ്റുപോലും ഉയർത്താനാകാതെ
ശിരസു കുനിയുമ്പോൾ
കണ്ണുകൾ കരഞ്ഞു കലങ്ങി
തുറക്കാനാകാതെയാകുമ്പോൾ
അവളാൽ തലകുനിയപ്പെട്ട
പ്രിയപ്പെട്ടവരെ ഓർക്കുമ്പോൾ
ചുറ്റിലും ഇരുൾ നിറഞ്ഞു ജീവിതം
നിലച്ചിടത്തൊരു കുരുക്കവൾ കണ്ടെത്തും
സങ്കടങ്ങളിൽ പിടിച്ചു തൂങ്ങി
തോറ്റു പിന്മാറുന്നവളുടെ രോദനങ്ങളോടെ….

മരണാനന്തരം
അടഞ്ഞ കണ്ണുകളിൽ
ഇറ്റു നിൽക്കും കണ്ണീർത്തുള്ളി
സ്വന്തം വിഡ്ഢിത്തമോർത്തു
അവസാനശ്വാസം പൊലിയവെ
പൊടിഞ്ഞതാകാം
ബുദ്ധിമോശത്തെ പഴിചാരുന്നവരുടെ
ജൽപ്പനങ്ങൾ കേൾക്കാതെ
മരണത്തിന്റെ തണുപ്പിൽ
അവൾ ശാന്തമായി ഉറങ്ങുന്നു.