ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയാ സന എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

നിയമം എല്ലാവര്‍ക്കും ഒരു പോലെയാകണം. വിജയ് പി നായരെ ജയിലിലടച്ച നിയമം ഭാഗ്യലക്ഷ്മിക്കും സംഘത്തിനും നേരെ അത് പ്രയോഗിക്കാതിരിക്കുന്നത് ഒരിക്കലും ശരിയായ നടപടിയല്ല. ഇപ്പോള്‍ തിരുവനന്തപുരം ജില്ലാ കോടതി തന്നെ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയാ സന എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുകയാണ്. ഈ അവസരം പ്രയോജനപ്പെടുത്തി നിയമം അതിന്റെ കര്‍ത്തവ്യമാണ് ഉടന്‍ നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യത്തില്‍ ലോകനാഥ് ബഹ്‌റയുടെ പൊലീസ് പക്ഷപാതം കാണിക്കരുത്.

ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും കൂടുതല്‍ സാവകാശം നല്‍കിയാല്‍ അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. വിജയ് പി നായര്‍ എന്ന യൂട്യൂബര്‍ ചെയ്ത തെറ്റിനെ തെറ്റുകൊണ്ട് നേരിടുക എന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച രീതിയല്ല. നിയമമാണ് ഇവിടെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് കയ്യിലെടുത്തിരിക്കുന്നത്. ഇവര്‍ വിളിച്ച തെറികളും സ്ത്രീവിരുദ്ധമാണ്. അതുകൊണ്ട് തന്നെയാണ് ജനവികാരവും ഈ പെണ്‍പടയ്ക്ക് എതിരായിരിക്കുന്നത്.

സ്ത്രീവിരുദ്ധ വീഡിയോകളിട്ട വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാകോടതി തള്ളിയിരിക്കുന്നത്.
ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ എ്ന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയിരുന്ന കേസിലായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയിരുന്നത്. ഈ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകന്‍ ശക്തമായാണ് എതിര്‍ത്തിരിക്കുന്നത്. സ്വാഗതാര്‍ഹമായ നിലപാടാണത്.

 

നിയമം കയ്യിലെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. ഇതു കൂടി പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയിപ്പോള്‍ തള്ളിയിരിക്കുന്നത്. പ്രതികള്‍ അതിക്രമിച്ചുകയറി മോഷണം ഉള്‍പ്പെടെ നടത്തിയെന്നും ജാമ്യം നല്‍കിയാല്‍ നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ സന്ദേശമാകുമെന്നതുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈ നിലപാട് ഡി.ജി.പിക്കും ഉണ്ടെങ്കില്‍ അറസ്റ്റ് ഒരിക്കലും വൈകരുത്. ഒരു സ്വാധീനത്തിനും പൊലീസ് വഴങ്ങുകയും ചെയ്യരുത്.

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടുള്ള യൂട്യൂബ് ചാനല്‍ നടത്തിയ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരും കൂടി ചേര്‍ന്നാണ് റൂമില്‍ കയറി മര്‍ദ്ദിച്ചിരുന്നത്. ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും മുണ്ട് പറിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ലൈവായി സോഷ്യല്‍ മീഡിയയിലൂടെ ഈ ദൃശ്യം പുറത്തായതാണ് പെണ്‍പടക്കെതിരെയും പ്രതിഷേധമുയരാന്‍ കാരണമായിരുന്നത്.

 

സംഭവത്തില്‍ രണ്ട് കേസുകളാണ് തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത വിജു വി നായരെ പ്രതിയാക്കിയായിരുന്നു ആദ്യ കേസ്. മറ്റേത് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും എതിരെയായിരുന്നു. ഗുരുതര വകുപ്പുകളാണ് പെണ്‍പുലികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. വീട്ടില്‍ കയറി ആക്രമിക്കുന്നതും മോഷണം നടത്തുന്നതും ജാമ്യമില്ലാ കുറ്റമാണ്. കേസിന്റെ ഗൗരവം മനസ്സിലാക്കി തന്നെയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

ഇനി പന്ത് പൊലീസിന്റെ ക്വാര്‍ട്ടിലാണ്. നിയമ വ്യവസ്ഥയുടെ ‘കരണത്ത് മൂവര്‍ സംഘം നല്‍കിയ ‘അടിക്ക് ‘തിരിച്ച് മറുപടി നല്‍കാനുള്ള അവസരമാണിത്. അതൊരിക്കലും കാക്കിപ്പട പാഴാക്കരുത്. അറസ്റ്റ് ചെയ്ത് ജയിലിലടക്കുക തന്നെ വേണം. നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഈ നടപടി താക്കീതായി മാറണം. സാംസ്‌കാരിക കേരളം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.