സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11755 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

23 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 95918 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 10471 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 952 പേരുടെ രോഗ ഉറവിടം അറിയില്ല. രോഗബാധ സ്ഥിരീകരിച്ചവരില്‍ 116 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 66,228 സാമ്പിളുകള്‍ പരിശോധിച്ചു. 7570 പേരാണ് രോഗമുക്തി നേടിയത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെയും അതുമൂലമുള്ള മരണത്തെയും സംബന്ധിച്ച് ഏറ്റവും നിര്‍ണായക കാലഘട്ടമായി വേണം കണക്കാക്കാന്‍. കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ നടത്തണം. എങ്കില്‍ മാത്രമേ മരണനിരക്ക് തടയാനാകൂ.

നിലവിലെ സാഹചര്യത്തില്‍ 10,000ത്തില്‍ കൂടുതല്‍ കേസുകള്‍ വരുന്നു. പരിശോധനകളുടെ എണ്ണം കൂട്ടി. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയരുകയാണ്. ഇതു കാണിക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളിലും ഈ പകര്‍ച്ചവ്യാധി അതിശക്തമായി തുടരുകയാണ്.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേസുകളുടെ എണ്ണം ആറു ലക്ഷം കവിയുകയും മരണസംഖ്യ പതിനായിരത്തോട് അടുക്കുകയും ചെയ്യുന്നു. കോവിഡ് പ്രതിരോധത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ആരോഗ്യ സംവിധാനങ്ങള്‍ ശക്തമാക്കാനും സര്‍ക്കാരിന് സാവകാശം ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും മറ്റും സജ്ജമാക്കാനായി. രോഗികളെ ചികിത്സിക്കാനുള്ള സംവിധാനമാണ് സജ്ജമാക്കിയത്.

മരണസംഖ്യ മറ്റിടങ്ങളേക്കാള്‍ കുറവാകാന്‍ കാരണം ഈ ആസൂത്രണ മികവും ആരോഗ്യപ്രവര്‍ത്തകരുടെ അര്‍പ്പണബോധവുമാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യനുമാര്‍, ക്ലീനിങ് സ്റ്റാഫ്, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങി ആരോഗ്യമേഖലയിലെ ഒരോ അംഗത്തിന്റെയും നിസ്വാര്‍ത്ത സേവനമാണ് നമ്മെ കാത്തു രക്ഷിച്ചത്. മേയില്‍ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണനിരക്ക്. ഓഗസ്റ്റില്‍ അത് 0.45 ശതമാനവും സെപ്റ്റംബറില്‍ 0.37 ശതമാനവുമായി കുറഞ്ഞു.