വി മുരളീധരന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പിആർ എജൻസി ഉടമയും മഹിളാ മോർച്ച ജനറൽ സെക്രട്ടറിയുമായ സ്മിതാ മേനോനെ അബുദാബിയിലെ മന്ത്രിതല ചർച്ചയിൽ പങ്കെടുപ്പിച്ച് പ്രോട്ടോക്കോൾ ലംഘനം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയ സംഭവത്തിൽ ബിജെപി ദേശീയ നേതൃത്വത്തിലും ചർച്ചയായതോടെയാണ് സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ റിപ്പോർട്ട് തെടുകയും ചെയ്തു. ഇത് ആയുധമാക്കി മുരളീധരനെതിരെയുള്ള നീക്കം ശക്തമാക്കുകയാണ് ഒരു വിഭാഗം.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ കൂടി സജീവമാകുന്ന സമയത്താണ് പ്രോട്ടോക്കോൾ വിവാദം വി മുരളീധരനെ കുഴക്കുന്നത്. യുഎഇയിലെ മന്ത്രിതലയോഗത്തിൽ സ്മിത മേനോൻ പങ്കെടുത്ത സംഭവം പ്രധാനമന്ത്രിയുടെ ഓഫീസിൽ ചർച്ചയായതോടെയാണ് സംഭവം ഗുരുതരമെന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തിലെ ചില നേതാക്കളുടെ അഭിപ്രായം. ദേശീയ നേതാക്കൾക്കിടയിൽ ഇത് ഗൗരവചർച്ചയായി മാറിയിട്ടുണ്ട്.

മന്ത്രിമാരുടെ പ്രവർത്തനങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കരുതെന്ന കർശനനിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോഡി നൽകിയിരുന്നു. ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കരുതെന്ന പ്രധാനമന്ത്രിയുടെ ആ നിർദേശം മുരളീധരൻ ലംഘിച്ചെന്നാണ് വിമർശനം. പ്രധാനമന്ത്രിയുടെ ഓഫീസിൽ കിട്ടിയ പരാതി വിദേശകാര്യമന്ത്രാലയത്തിന് അയച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ വിശദീകരണം തേടി എന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചില്ല. അത്തരത്തിൽ എന്തെങ്കിലും ഒരു ആശയവിനിമയത്തെ കുറിച്ച് അറിയില്ല, എന്നാണ് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിയത്.

എപി അബ്ദുള്ളക്കുട്ടി പാർട്ടി ഉപാധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നിൽ മുരളീധരന്റെ ഇടപെടലാണെന്ന ആരോപണങ്ങൾക്കിടെയാണ് പ്രോട്ടോക്കോൾ വിവാദവും ഉയർന്നിരിക്കുന്നത്. പാർട്ടി പുനഃസംഘടനയിൽ ബിഎൽ സന്തോഷ്, ധർമ്മേന്ദ്രപ്രധാൻ ഉൾപ്പെട്ട വിഭാഗം മുരളീധരപക്ഷത്തിന് വേണ്ടി കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും ഉണ്ട്.