പറയാതെ പോകുന്നവർ (കഥ -ഡോ.എസ്.രമ )

രാവിലെ ചൂടുള്ള ചായ മൊത്തിക്കുടിക്കുമ്പോൾ ഭാര്യ എന്തോ ചോദിച്ചതറിഞ്ഞു . മറുപടിയെന്നോണം വെറുതെ തലയാട്ടി..
“ഈ ലോകത്തെങ്ങുമല്ല.. ”
അവൾ പിറുപിറുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി…
അയാൾ ചിന്തയിലായിരുന്നു…
മറ്റൊന്നുമല്ല… അവരെ പറ്റി…
വല്ലപ്പോഴും ഒക്കെ കഥകൾ അയച്ചു തന്നിരുന്നു ആ എഴുത്തുകാരിയെ പറ്റി…ഒരു ഓൺലൈൻ മാധ്യമത്തിന്റെ എഡിറ്ററായ അയാൾ സമൂഹമാധ്യമത്തിൽ കൂടി പരിചയപ്പെട്ട അവരെ നേരിൽ കണ്ടിട്ടില്ല..
കേരളത്തിന്റെ വടക്കെ അറ്റത്തു താമസിക്കുന്ന സർവീസിൽ നിന്ന് വിരമിച്ച ഒരധ്യാപിക…ആ ജീവിതത്തിന്റെ സ്വകാര്യതകളൊന്നും തന്നെ അറിയില്ല.. അയച്ചു കൊടുക്കുന്ന കഥകൾ വായിക്കും… പ്രസിദ്ധീകരണയോഗ്യമായത് പ്രസിദ്ധീകരിച്ച വിവരം അറിയിക്കുമ്പോൾ നന്ദിയോടെ അവർ പറയും..
“എന്റെ കഥകൾ കൂടുതൽ പേർ വായിക്കുമല്ലോ . സർ.. ഒരു എഴുത്തുകാരിക്ക് ഇതിൽ പരം എന്ത് സന്തോഷം ആണ് വേണ്ടത്.. ”
അയാളപ്പോൾ ചിരിയുടെ ഒരു ഇമോജി സമ്മാനിക്കും…
ഇന്നലെ ഉച്ചക്ക് അവർ ഏറ്റവും പുതിയതായി എഴുതിയ ഒരു കഥ അയച്ചു കൊടുത്തിരുന്നു… “ഇറച്ചിക്കോഴിയുടെ മരണം ”
കഥയുടെ ക്ലൈമാക്സ്‌ ൽ മുറിഞ്ഞ തലയിൽ പകുതി ജീവനുമായി രക്ഷപെടാൻ നോക്കുന്ന കോഴി…
പണം കൊടുത്ത് ഇറച്ചി കഷ്ണങ്ങൾ വാങ്ങാൻ നിൽക്കുന്നവരുടെ മുഖത്തു തെളിയുന്ന ഇച്ഛാഭംഗം തിരിച്ചറിഞ്ഞെന്ന വണ്ണം ഇറച്ചി വെട്ടുകാരൻ അതിനെ പിടിച്ചു തലയും ഉടലും രണ്ടാക്കി. മരണം രക്ഷപെടുത്തിയ ജന്മം.. ”
എന്ത് കൊണ്ടോ ആ ക്ലൈമാക്സ്‌ നോടയാൾക്ക് വിയോജിപ്പ് തോന്നി.. “അതൊന്നു മാറ്റി എഴുതൂ.. അടുത്ത ദിവസം പ്രസിദ്ധീകരിക്കാം.. “എന്ന് പറഞ്ഞു പല വട്ടം അയച്ച സന്ദേശങ്ങൾ മറുപടിയില്ലാതെ അയാളുടെ മൊബൈലിൽ കിടന്നു…ഒടുവിലാണവരെ വിളിച്ചത് .. സ്വിച്ച് ഓഫ്‌ ആയ ഫോൺ.. ബന്ധപ്പെടാൻ മറ്റു മാർഗങ്ങൾ ഒന്നും ഇല്ല.. “അവർക്ക് എന്ത് പറ്റി? “അയാൾ ആലോചിച്ചു..
ഗ്രൂപ്പ്‌ സംവാദങ്ങൾ ശ്രദ്ധിക്കാറില്ലെങ്കിലും വെറുതെ സാഹിത്യഗ്രൂപ്പിലൊന്നു പരതി… അയാൾക്കും അവർക്കുമൊപ്പം നൂറു പേരെങ്കിലും ഉണ്ടതിൽ…
കണ്ട സന്ദേശങ്ങൾ അയാളെ ഞെട്ടിച്ചതിലുപരി തളർത്തിയെന്നതാണ് കൂടുതൽ ശരി..
അവരുടെ ചിത്രത്തിന് താഴെ ചുവന്ന പൂക്കളും കൂപ്പു കൈകളുമായി ആദരാഞ്ജലികളുടെ പ്രവാഹം തന്നെയുണ്ട്…
തുടർ വായനയിൽ അയാളറിഞ്ഞു… ഇന്നലെ വൈകുന്നേരം അപ്രതീക്ഷിതമായി ഉണ്ടായ ഒരു ഹൃദയാഘാതത്തിൽ അവർ ഈ ലോകത്ത് നിന്ന് തന്നെ മാഞ്ഞു പോയ കാര്യം..
ധമനികളിൽ രക്തം തണുത്തുറയുന്നതു പോലെ അയാൾക്ക് തോന്നി.. ഭാര്യ പറയുന്നത് അർദ്ധ ബോധാവസ്ഥയിൽ കേട്ടു.. “ചേട്ടാ.. ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വച്ചിരിക്കുന്നു . കഴിക്കാൻ വൈകണ്ട.. ”
അവൾ ഓഫീസിൽ പോകാനുള്ള തിരക്കിൽ ആണ്…
ആദരാഞ്ജലിയുടെ ഒരു ചുവന്ന പുഷ്പം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ അയാളുടെ കൈകൾ വിറച്ചിരു ന്നു.. നിറഞ്ഞ കണ്ണുകൾ കാഴ്ച മറച്ചു… ശക്തിയിൽ പതിച്ച ഒരു കരിങ്കല്ലിനു താഴെ അമർന്നു വിങ്ങുന്ന മനസ്സിനെ സമാധാനിപ്പിക്കാനാകാതെ അയാൾ സോഫയിൽ ചാരി ഇരുന്നു.. പുറത്തു ശക്തിയിൽ വീശുന്ന കാറ്റിനൊപ്പം മഴമേഘങ്ങളപ്പോൾ സൂര്യനെ മറച്ചു തുടങ്ങിയിരുന്നു.