മാനസവീണ ( കവിത -ഗീത വിജയൻ )

ചില്ലകൾപൂത്തിടുന്നൂ മനസ്സിന്റെ
തീരത്തായങ്ങുമിങ്ങും
മെല്ലെയുണർത്തിടുന്നൂ
മാനസവീണയയെന്റെ ചിത്തം.

പൂത്തിരി കത്തിച്ചപോൽ ചിതറുന്ന
ചിന്ത തൻ പൊൻതിളക്കം
മിന്നിത്തിളങ്ങി നിന്നെൻ ഹൃദയത്തിൽ
ലോലമായ് പാട്ടു മൂളി.

ആത്മഹർഷത്തിലായി തനിയെ
തെളിഞ്ഞൊരു പൊൻചിരാതും
തമസ്സിനെതള്ളിമാറ്റി പരത്തുന്നു
നിലാവുപോൽ തൂവെളിച്ചം.

സ്വർണ്ണമയൂരമായി നിറഞ്ഞാടി
മനസ്സിൽ ഞാൻ കുട്ടിയായി
വർണ്ണംനിറച്ചുവെച്ചൂ മനസ്സിന്റെ
ചെപ്പിലായാവോളവും.

മിന്നിത്തിളങ്ങി നിന്നാ താരകം.
കണ്ണടച്ചെന്നേ കാട്ടി
അന്തിക്കായ്പട്ടംപറത്തിഞാനാ
താരകത്തിന്നെയോ പേടിപ്പിച്ചു.

തഞ്ചിപ്പറന്നുവന്നൂ അരികിലായി
തത്തമ്മപ്പെണ്ണോരെണ്ണം
കൊഞ്ചലുമായിയെത്തി
അകതാരിൽചേർന്നങ്ങിരുന്നുരുന്നു പോയി.

കൂട്ടായിരുന്നുഞങ്ങൾഉച്ചത്തിൽ
പാട്ടുകൾ പാടിയാർത്തു
കുയിലമ്മ കൂകിത്തോറ്റൂ മറഞ്ഞുപോയ്
ഉൾക്കാട് തേടിയെങ്ങോ.

മെല്ലെനിറഞ്ഞുവന്നൂ സന്തോഷത്തിൻ
മഞ്ഞുപോൽ കുളിരെന്നിലായ്
വാർതിങ്കളായിവന്നു മനസ്സാകെ
നിലാവിനാൽ കഴുകിത്തുടച്ചു പോയി.

സ്വപ്നങ്ങൾ കൊണ്ടു ഞങ്ങൾ
പണിതൊരു കൊട്ടാരം തന്നിലായി
രാജാവും റാണിയുമായ് ഇന്നുമോ
ചേർന്നങ്ങിരുന്നിടുന്നു.

വർഷമോവർണ്ണങ്ങളായ്
നിറഞ്ഞിതാ പൊൻതൂവലായി വീണ്ടും
സന്തോഷത്തേരിലേറി കുതിച്ചിതാ
സ്വർഗ്ഗത്തിലേക്കു ഞങ്ങൾ.

മീട്ടുന്നുലോലമായി മനോജ്ഞമാം
മോഹന രാഗത്തിലായ്
മാനസവീണതന്റെതന്ത്രിയിൽ
നിസ്വനമായി വീണ്ടും..