കോവിഡിനെ തോൽപ്പിച്ച എഴുപത്തിയെട്ടിന് ഇരട്ടി മധുരം! ( വിജയ്.സി.എച്ച് )

റുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് കൊറോണ വൈറസ് കൂടുതൽ അപകടകരമായി മാറുന്നതെന്നാണ് ലോക ആരോഗ്യ സംഘടനയുടെ അറിയിപ്പ്. അതിനാൽ, മുതിർന്ന പൗരന്മാർ പ്രത്യേകം സൂക്ഷിക്കണമെന്ന് രാജ്യത്തെയും സംസ്ഥാനത്തെയും അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിക്കൊണ്ടുമിരിക്കുന്നു.
എഴുപത്തിനാലാം വയസ്സിൽ എസ്. പി. ബാലസുബ്രഹ്മണ്യം കോവിഡ് ബാധിതനായി അന്ത്യശ്വാസം വലിച്ചപ്പോൾ, നിസ്സങ്കതയോടെ നോക്കിനിൽക്കാനെ നമുക്കു കഴിഞ്ഞുള്ളൂ. പ്രിയഗായകൻറെ വേർപാട് ഒരു യാഥാർത്ഥ്യമായി സ്വീകരിക്കാൻ നമുക്കിതുവരെയും കഴിഞ്ഞിട്ടില്ല. രണ്ടാഴ്ചകൊണ്ട് മറക്കാവുന്നതല്ലല്ലൊ പതിനൊന്നു ഭാഷകളിലെ നാൽപതിനായിരം ഗാനങ്ങൾ!
ഞായറാഴ്ച എഴുപത്തിയെട്ട് തികഞ്ഞ അമിതാഭ് ബച്ചൻ, കോവിഡിനെ അതിജീവിച്ച് ആശുപത്രിവിട്ടപ്പോൾ, വെള്ളിത്തിരയിൽ അദ്ദേഹം അഭിനയച്ചു കാണിക്കാറുള്ള അമാനുഷികമായ കരുത്ത് യഥാർത്ഥ ജീവിതത്തിലുമുണ്ടെന്ന് കുറെപേരെങ്കിലും കരുതി!
മൂംബൈയിലെ നാനാവതി സൂപ്പർ സ്പെഷ്യാൽറ്റി ആശുപത്രിയിൽ അമിതാഭിനെ പ്രവേശിപ്പിച്ച് അധികം നാൾ കഴിയുംമുന്നെ, പുത്രൻ അഭിഷേക് ബച്ചനും, പുത്രഭാര്യയും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചനും, അവരുടെ പുത്രി ആരാധ്യയും, ഓരോരുത്തരായി കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം കാണിച്ചപ്പോൾ, രാജ്യം മുഴുവൻ അവരുടെ രോഗമുക്തിക്കുവേണ്ടി പ്രാർത്ഥിച്ചു.
ഇരുപത്തിയെട്ടു ദിവസത്തെ ചികിത്സക്കൊടുവിൽ, അസുഖം ഭേദപ്പെട്ട് താൻ വീട്ടിലേക്കു മടങ്ങുന്നുവെന്ന വിവരം, ഓഗസ്റ്റ്-2 സന്ധ്യയിൽ, അമിതാഭ് തൻറെ ട്വിറ്ററിൽ പങ്കുവെച്ചപ്പോൾ, ആ സന്ദേശത്തിന് ഹൃദയ അടയാളമിട്ട് പ്രതികരിച്ചത് രണ്ടു മിനിറ്റിൽമാത്രം രണ്ടുലക്ഷത്തിൽപരം ആരാധകർ!
ഇതുപോലെയൊരു വികാര പ്രകടനം, ഇതിമുന്നെ രാജ്യം കണ്ടത്, 1982-ൽ ‘കൂലി’ എന്ന പടത്തിൻറെ
ചിത്രീകരണ സമയത്ത് സംഭവിച്ച മാരകമായ അപകടത്തിൽ, ‘clinically dead’ എന്ന് വിധിയെഴുതപ്പെട്ടതിയതിനു ശേഷം മെഗാസ്റ്റാർ ജീവനോടെ തിരിച്ചെത്തിയപ്പോഴാണ്!
ഇക്കാണുന്നത് കേവലം താരാരാധന, അല്ലെങ്കിൽ സെലിബ്രിറ്റി വർഷിപ്പ്, മാത്രമാണോ?
എഴുപതുകളും, എൺപതുകളും, തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേർന്ന കാൽനൂറ്റാണ്ടുകാലം അമിതാഭ് ഇന്ത്യൻ ജനതയുടെ ഹൃദയസ്‌പന്ദനമായിരുന്നു! കോപിഷ്‌ഠരായ യുവാക്കളും, കഠിനാദ്ധ്വാനം ചെയ്യുന്ന കൂലിവേലക്കാരും, നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരും, പ്രണയംകൊണ്ടു ഉള്ളുനിറഞ്ഞ കാമുകന്മാരും തങ്ങൾ തന്നെയാണ് വെള്ളിത്തിരയിലെ ആ ആറടി രണ്ടിഞ്ചുകാരനെന്നു കരുതി!
തുടർന്നുവന്ന മറ്റൊരു കാൽനൂറ്റാണ്ടുകാലം അദ്ദേഹം സിനിമയിലെ അതികായൻ മാത്രമല്ല, രാജ്യത്തിൻറെ സംസ്കൃതിയുടെതന്നെ ഭാഗമായിത്തീർന്നു.
വർഷന്തോറും ഏറ്റവും കൂടുതൽ ചലചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നൊരു രാജ്യത്തെ, മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയൊരു കലാകാരൻ, ഇന്ത്യൻ‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹബ് ഫാൽക്കെ പുരസ്‌കാരം നേടിയൊരു താരം, സാധാരണക്കാർക്ക് എത്തിപ്പെടാൻ കഴിയാത്തത്ര ഔന്നിത്യത്തിലാണെന്നുള്ളതാണു പൊതുധാരണ.
എന്നാൽ, ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടൊരു മലയാള ചലചിത്രതാരംപോലും അമിതാഭിനെ ആദരിച്ചു ഇരുത്തിയിരിക്കുന്നത് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ ഉയരത്തിലാണെന്നതിനാൽ അപമാനിതനാകേണ്ടിവന്ന ഒരാളാണ് ഈ ലേഖകൻ തന്നെ!
“അമിതാഭ് ബച്ചനെയൊന്നും അങ്ങിനെ താങ്കൾക്ക് കാണാനൊക്കത്തില്ല, ചുമ്മാ കള്ളം പറയാതെ,” ഇങ്ങനെയായിരുന്നു ആ കൊള്ളിവാക്ക്.
1999-ൽ, BBC-യുടെ ഓൺലൈൻ തിരഞ്ഞെടുപ്പിലൂടെ, ഇംഗ്ലീഷ് നടൻ സർ ലോറൻസ് ഒലിവിയറിനെ പിൻതള്ളി, അമിതാഭിനെ Superstar of the Millennium എന്ന അദ്വിതീയമായ അന്തർദേശീയ പദവിയിൽ അവരോധിച്ചയുടനെയാണ്, മൂംബൈയിൽവെച്ച് അദ്ദേഹത്തെ ഇൻറ്റർവ്യൂ ചെയ്യാനുള്ള അപോയൻറ്റ്മൻറ്റ് എനിക്കു ലഭിച്ചത്.
അന്നേ ദിവസം കാലത്ത് തിരുവനന്തപുരത്ത് തീരുമാനിച്ചിരുന്ന മറ്റൊരഭിമുഖം അതിനാൽ മാറ്റിവക്കേണ്ടി വന്നു. ഈ വിവരം അറിയിച്ചപ്പോൾ, നാട്ടിലെ താരം എന്നോട് പ്രതികരിച്ചതാണ് മേലെയുള്ള ഉദ്ധരണി.
ഒരുപക്ഷേ, ഞാൻ തീരെ ചെറുതായതുകൊണ്ടോ, അല്ലെങ്കിൽ അമിതാഭ് വളരെ വലുതായതുകൊണ്ടോ, ആയിരിക്കാം നമ്മുടെ താരം ഇങ്ങിനെ ചിന്തിച്ചത്. രണ്ടും ശരിയാണെങ്കിലും, മൂന്നാമതായി അതിലും വലിയൊരു ശരിയുണ്ട് — പ്രാദേശിക താരങ്ങൾക്കുപോലും അപ്രാപ്യത തോന്നുന്നത്ര ഉയരത്തിലാണ് ഈ ബിഗ്-ബി എന്ന്!
പ്രശസ്ത കവി ഡോ. ഹരിവംശ് റായുടേയും സിഖു വംശജയായ തേജിയുടേയും മകനായി 1942 ഒക്ടോബർ 11-നു അലഹബാദിൽ ജനിച്ച അമിതാഭിൻറെ വിദ്യാഭ്യാസം നൈനിത്താളിലെ ഷെയർവുഡ് കോളജിലും ഡൽഹിയിലെ കൈറോറിമാൽ കോളേജിലുമായിരുന്നു. തുടർന്നു ഷാ വാലാസിലും, കൊൽക്കത്തയിലെ ഷിപ്പിങ് കമ്പനിയിലും അദ്ദേഹം ജോലി ചെയ്തു.
എന്നാൽ, തൻറെ ഗാംഭീര്യമുള്ള ശബ്ദവും ശ്രദ്ധാർഹമായ പൊക്കവും സിനിമ തന്നെയാണ് താൻ ചെന്നുചേരേണ്ട ഇടമെന്ന് അമിതാഭിനെ എന്നും ഓർമ്മിപ്പിച്ചിരുന്നു. തുടർന്ന്, 1968-ൽ മൂംബൈയിലെത്തിയ അമിതാഭ്, പ്രഥമ പടമായ ‘സാത്ത് ഹിന്ദുസ്ഥാനി’ മുതൽ പത്തുപതിനഞ്ചു സിനിമകളിൽ അഭിനയിച്ചുവെങ്കിലും, അവയൊന്നുംതന്നെ അദ്ദേഹത്തെ ബോളിവുഡിലെ താരമൂല്യമുള്ളൊരു അഭിനേതാവാക്കിയില്ല.
തൻറെ മകൻ രാജീവ് ഗാന്ധിയുടെ അടുത്ത കൂട്ടുകാരനായ അമിതാഭിന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി എഴുതിക്കൊടുത്തൊരു ശുപാർശക്കത്ത് സംഗതികളുടെ ഗതി മാറ്റി. അങ്ങിനെ, 1973-ൽ, പ്രകാശ് മെഹ്റ നിർമ്മിച്ചു സംവിധാനം ചെയ്ത, ‘സഞ്ചീർ’ എന്ന പടത്തിൽ ഒരു അതികായൻ ജനിച്ചു — The Angry Young Man!
കുറ്റകൃത്യങ്ങളും, അഴിമതിയും, ദാരിദ്യ്രവും പൊതുജന ജീവിതം രാജ്യത്ത് ഏറ്റവും ദുസ്സഹമാക്കിയ എഴുപതുകളുടെ ആദ്യപകുതിയിൽ, ഏതു പ്രമേയം ജനപ്രിയമാകുമെന്ന് തിരക്കഥ എഴുതിയ സലീം-ജാവിദ് കൂട്ടുകെട്ടിനു ശരിക്കും അറിയാമായിരുന്നു. യൂനിഫോം ധരിച്ചും അല്ലാതേയും ‘പോലീസ് ഇൻസ്പെക്ടർ വിജയ് ഖന്ന’ അനീതിക്കെതിരെ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയായിരുന്നില്ലേ!
ഇന്ത്യയിലും സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള വിദേശ നാടുകളിലും ‘സഞ്ചീർ’ കോടികൾ വാരിയപ്പോൾ, ഒരു ചലചിത്രത്തിൻറെ സാമ്പത്തിക വിജയം സൂചിപ്പിക്കുന്ന ‘Blockbuster’ എന്ന പദം നമ്മുടെ സിനിമയിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടു. അതിനൊപ്പം, സാധാരണക്കാരുടെ കോപവും, അമർ‍ഷാവേശവും പ്രതിഫലിച്ചയാൾ അവരുടെ പ്രിയങ്കരനായ നായകനായത് കണ്ണടച്ചു തുറക്കുന്ന വേഗതയിലും.
‘സഞ്ചീറി’ൽ നായികയായി വേഷമിട്ട ജയ ഭാദുരി (മാല) അമിതാഭിൻറെ ജീവിതത്തിലെതന്നെ നായികയായി മാറിയത് ചരിത്രത്തിൻറെ ഭാഗം.
‘സഞ്ചീറി’ൻറെ റെക്കോർഡു വിജയത്തെ തുടർന്നു സലീം-ജാവിദ് കൂട്ടുകെട്ട് എഴുതിയ ജനപ്രിയ കഥയാണ് ‘ഷോലെ’. നൂറു കണക്കിനു തിയേറ്ററുകളിൽ അറുപതു ഗോൾഡൻ ജൂബിലികൾ ഓടിയ ഇന്ത്യയിലെ ഏക പടം! പ്രതികാരാഗ്നിയിൽ കത്തിജ്വലിക്കുന്ന രണ്ടു യുവാക്കളുള്ള ഈ കഥയിൽ പ്രേക്ഷകർ നെഞ്ചോടു ചേർത്തുപിടിച്ചത് അമിതാഭിനെയായിരുന്നു.
ഇന്ത്യൻ സിനിമയിൽ നിർമ്മിക്കപ്പെട്ടൊരു ‘ക്ലാസിക്’ എന്നു പൊതുവെ അറിയപ്പെടുന്ന ‘ഷോലെ’, നമ്മുടെ സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പത്തു പടങ്ങളിൽ ഒന്നായി ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തു.
പിന്നീടിറങ്ങിയ പല പടങ്ങളും അമിതാഭ് എന്ന നടൻറെ അഭിനയ പാടവവും, വ്യാപ്തിയും, വൈവിധ്യവും തെളിയിക്കുന്നതായിരുന്നു. ‘കബീ കബീ’യിലെ കവിയും, ‘കസ്മെ വാദെ’യിലെ പ്രൊഫസ്സറും, ‘ചുപ്കെ ചുപ്കെ’, ‘അമർ അക്ബർ ആൻറണി’, ‘ഡോൺ’ മുതലായ സിനിമകളിലെ നര്‍മ്മബോധമുള്ള കഥാപാത്രങ്ങളും, ‘മുകദ്ദർ കാ സികന്ദറിലെ’ നിരാശാ കാമുകനും, ‘ശരാബി’യിലെ മദ്യപാനിയും അമിതാഭിനെ അഭിനയ കലയുടെ ‘ഷാഹിൻഷാ’യാക്കി!
1982, ജൂലൈ 26-നു ബെംഗളൂരു യൂനിവേർസിറ്റി കേമ്പസിൽ വെച്ചുനടന്ന ‘കൂലി’യുടെ ഷൂട്ടിങ്ങിനിടയിൽ അമിതാഭിനു മാരകമായി പരുക്കേറ്റു. വില്ലൻ കഥാപാത്രം പുനീത് ഇസ്സാറുമായി നടന്ന ഒരു ഘോര സംഘട്ടനത്തിനിടയിലാണ് അപകടം സംഭവിച്ചത്!
ശ്വാസം നിലച്ചു അബോധാവസ്തയിൽ കിടന്ന സൂപ്പർ സ്റ്റാർ മരിച്ചെന്നായിരുന്നു പ്രഥമ നിഗമനം. രാജ്യം മുഴുവൻ വിളക്കു കൊളുത്തിയും മെഴുകുതിരി കത്തിച്ചും, ആരാധനാലയങ്ങളിൽ സമൂഹമായും അദ്ദേഹത്തിൻറെ ജീവനുവേണ്ടി പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിദേശത്ത് അടിയന്തിരമായി പങ്കെടുക്കേണ്ടിയുന്ന ഒരു സമ്മേളനം ഉപേക്ഷിച്ചു മൂംബൈയിലെ ബ്രീച്ച് കാൻറി ആശുപത്രിയിൽ അമിതാഭിനെ സന്ദർശിച്ചു. ആന്തരിക അവയവങ്ങളിൽ നടത്തിയ നിരവധി സർജറികൾക്കു ശേഷം ആഗസ്റ്റ് 2-നാണ് അമിതാഭിന് ബോധം തിരിച്ചു കിട്ടിയത്.
ഔഷധങ്ങൊൾക്കൊന്നും പ്രതികരിക്കാതെ, അതീവ ഗുരുതരാവസ്ഥയിൽ ഏഴു ദിവസം ചലനമറ്റു കിടന്നതിനുശേഷം, അദ്ദേഹം കാൽവിരൽ അനക്കിയ വിവരമറിഞ്ഞപ്പോൾ, ഉത്തരേന്ത്യൻ നഗരങ്ങൾ നിറങ്ങളിൽ കുളിച്ചുനിന്നു. ആ വർഷം രണ്ടാമതൊരു ഹോളി വസന്തോത്സവം കൂടി ആഘോഷിക്കപ്പെട്ടു!
ആഗസ്റ്റ് 2-നെ താ൯ പുനർജനിച്ച ദിനമെന്നാണ് അമിതാഭുതന്നെ വിശേഷിപ്പിക്കുന്നത്! വർഷം തോറും തനിക്കു ജീവൻ തിരിച്ചു കിട്ടിയ ദിവസം അനുമോദനങ്ങൾ അയക്കുന്ന ആരാധകർക്ക് അമിതാഭ് പതിവായി എഴുതാറുള്ള മറുപടി: “Many remember this day with love and respect, and with prayers. It is this love that carries me on each day. I do know that it was your prayers that saved my life. It is a debt that I shall never be able to repay!”
സിനിമാ നിർമ്മാണവും കലാപ്രവർത്തനങ്ങളും ഉദ്ദേശിച്ചുകൊണ്ടു അമിതാഭ് തുടങ്ങിയ എ.ബി.സി.എൽ. എന്ന കമ്പനി വിജയിച്ചില്ലെന്നുമാത്രമല്ല അദ്ദേഹത്തിനു വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കി. പക്ഷെ, അമിതാഭ് യുഗം അവസാനിച്ചെന്നു കരുതിയവർക്കു തെറ്റു പറ്റി. ടെലിവിഷൻ ചാനൽ, സ്റ്റാർ പ്ലസ് അവതരിപ്പിച്ച ‘കോൻ ബനേഗ കരോർപതി’ എന്ന വിജ്ഞാന വിസ്മയം രാജ്യന്തര വേദികളിൽതന്നെ ആഘോഷിക്കപ്പെട്ടു. സ്വന്തം പ്രതിച്ഛായ മാത്രം മൂലധനമാക്കിയ ഇതിഹാസ താരം പൂർവ്വാധികം ‘പണക്കാരനും’ പ്രസിദ്ധനുമായി തിരിച്ചു വന്നു!
രാജ്യത്തെ ഉന്നത സിവിലിയൻ ബഹുമതികളായ ‘പത്മ’ പുരസ്കാരങ്ങൾ മൂന്നും നേടിയ അപൂർവ്വ വ്യക്തികളിൽ ഒരാളാണ് അമിതാഭ്! ‘അഗ്നീപഥ്’ (1990), ‘ബ്ലാക്ക്’ (2005), ‘പാ’, (2009) ‘പികു’ (2015) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്‌ അദ്ദേഹത്തിന് ഭരത് പുരസ്കാരങ്ങൾ ലഭിച്ചത്. മെഗാസ്റ്റാറിന് വിദേശങ്ങളിൽ നിന്നെത്തിയ അംഗീകാരങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്.
ജന്മദിനവും പുനർജനന ദിനവുള്ള രാജ്യത്തെ ഏക ഇതിഹാസ താരത്തിന്, ഹൃദയംകൊണ്ടെഴുതുന്നു ആദ്യത്തേതിനുള്ള ആശംസകൾ! ജീവനു വിലയിട്ട കാലൻ കൊറോണക്കു ശേഷമെത്തുന്ന ഈ ജന്മദിനം ഹോളി പോലെ വർണ്ണശബളം — ഇതിൻറെ മധുരം ഇരട്ടിയാണ്!

വിജയ്.സി.എച്ച്