എല്ലാ വിദൂര-സ്വകാര്യ കോഴ്‌സുകളും നാരായണഗുരു സര്‍വകലാശാലയ്ക്ക് കീഴിലാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്‌സുകളും പൂര്‍ണമായി ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സ്റ്റേ ഓര്‍ഡര്‍ ഇറക്കിയത്. ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്ഥാപനത്തില്‍ പഠിക്കാനുമുള്ള അവകാശത്തിന്റെ ലംഘനമാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥയെന്നാണ് ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്.

പത്തനംതിട്ടയിലെ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റുകളും ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് കൊല്ലം ആസ്ഥാനമായി ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള നാല് സര്‍വ്വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുക.

വിദൂരവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഓപ്പണ്‍ സര്‍വ്വകലാശാലക്ക് തുടക്കമിട്ടത്. സാധാരണ കോഴ്‌സുകള്‍ക്ക് പുറമെ തൊഴിലിധിഷ്ഠിത-തൊഴില്‍ നൈപുണ്യ കോഴ്‌സുകളും ഉണ്ടാകും. പ്രാദേശിക പഠനകേന്ദ്രങ്ങളും കോണ്‍ടാക്ട് ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസുകളുമാണ് സര്‍വ്വകലാശാല നടപ്പിലാക്കുന്നത്. വിദൂരവിദ്യാഭ്യാസമേഖലയിലെ മികച്ച മാതൃകയായി ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയെ വളര്‍ത്തിയെടുക്കാനായിരുന്നു പദ്ധതി.