ചരമ കോളം (കവിത -ശ്രീകൃഷ്ണ )

നിന്റെ പ്രണയത്തിന്റെ നായ്ക്കുട്ടികള്‍
എന്റെ മരണവും കാത്ത്
പടിപ്പുര വാതുക്കല്‍
നിലാവത്ത് ഓരിയിട്ടു തളരുന്നു…
എന്റെ നെഞ്ചിന്‍ കൂട്ടിലൊരു
പ്രാവ് കുറുകുന്നു..
ശ്വാസകോശം കടലിരമ്പുന്നു..
ഓര്‍മകളുടെ പേമാരി പെയ്ത്തിലൊരു
കള്ളനെ പോലെ
ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട്
തലച്ചോറിലേക്കൊരവസാന ബസ്സും
മുരണ്ടു പായുന്നു.
അവിടെ തീരുന്നു നിന്നന്ത്യ ചുംബനത്തിന്റെ
കിറുക്കന്‍ ചിന്തകള്‍…
പണ്ടു നിന്നെ അമ്പെയ്തു ഭ്രമിപ്പിച്ച
കടക്കണ്ണിലേക്ക് ഒരിറ്റു ചുടു കണ്ണീര്‍
തിളച്ചു തൂവുന്നു..
അന്നു നീ ചൂടു പിടപ്പിച്ചൊരെന്‍
ചോര ചിന്തി നാസിക തുമ്പിലേക്ക്
ഇരച്ചെത്തി തണുത്തുറയുന്നു…
അങ്ങനെ സ്റ്റെതസ്ക്കോപ്പിലൂടെ
സ്ഥിരീകരിക്കപ്പെടുന്ന മരണവും താണ്ടി
എന്റെ ആത്മാവ്
കള്ളവണ്ടി കയറുന്നു.
നാളത്തെ ദിനപത്രത്തിലേക്ക്…
ചരമക്കോളത്തിലിരുന്ന് നിന്നെ തിരയുന്ന
എന്റെ ചിത്രത്തിനരികെ
മരണത്തിന്റെ ഈറന്‍ പനിനീര്‍ പുഷ്പങ്ങള്‍
ദളങ്ങള്‍ കൊഴിക്കുന്നു…