ഒരു കൂടും രണ്ടു ലോകവും ( കവിത -അഞ്ജലി വയലറ്റ് )

നിർവ്വചനങ്ങൾ അപ്രസക്തമായി!
നീയും ഞാനും ഹൃദയത്തെ വരിഞ്ഞിരുന്ന
ബുദ്ധിയുടെ നൂലുകൾ അഴിച്ചു തുടങ്ങി..
രണ്ടു ലോകങ്ങളെ പ്രതിനിധീകരിച്ച്
നമ്മൾ നിൽക്കുമ്പോഴും
ഒരു കൂരക്കു കീഴിൽ കഴിയുന്നത്
നാം സ്വപ്നം കണ്ടു !
കണ്ണുകളിൽ പ്രണയത്തിന്റെ
ആഴം തിരഞ്ഞു..
പിന്നെ ശരീരങ്ങൾ തമ്മിലുള്ള
സംഭാഷണമായി..
നമുക്ക് പലപ്പോഴും ഭാഷ നഷ്ട്ടപ്പെട്ടു.
നമ്മുടെ ഭാഷകൾ കൂടിക്കലർന്ന്
വിചിത്രവും അർഥരഹിതമായ
ശബ്ദങ്ങൾ പുറത്തു വരാൻ തുടങ്ങി!
ഇത്രയുമേ എനിക്ക് ഓർമ്മ ഉള്ളൂ..
ഇതിനിടയിൽ എപ്പോഴോ നമ്മൾ
കണ്ണുകളിൽ പ്രണയം തിരയാൻ മറന്നു!
ആർക്ക് എവിടെയാണ് പിഴച്ചത്?!
പേമാരിയിൽ ഒരു കുടക്കീഴിൽ
നിൽക്കേണ്ടി വരുമ്പോഴെല്ലാം
നാം ഒരുപോലെ അസ്വസ്ഥരാകുന്നു!
നമുക്ക് ഈ കൂട് പൊളിക്കാം
ഇവിടെ നിന്ന് പറന്നുപോകാം
നിനക്ക് നിന്റെ ലോകത്തേക്കും
എനിക്ക് എന്റെ ലോകത്തേക്കും.