രാഹുലിനെ ‘ഇറക്കി’ ഭരണം പിടിക്കാൻ യു.ഡി.എഫ് നീക്കം

യു.ഡി.എഫിന്റെ സകല പ്രതീക്ഷയും ഇനി രാഹുല്‍ ഗാന്ധിയിലാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ കരകയറ്റിയ രക്ഷകന്‍ നിയമസഭ തിരഞ്ഞെടുപ്പിലും കൈപിടിച്ച് കയറ്റുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. രാഹുലിന്റെ മലപ്പുറം സന്ദര്‍ശനത്തിന് പരമാവധി പ്രചാരം നല്‍കാന്‍ കോണ്‍ഗ്രസ്സും ലീഗും മത്സരിക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയിലുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും ഉള്‍പ്പെടെ സകല നേതാക്കളും രാഹുലിന്റെ മലപ്പുറം സന്ദര്‍ശനം പ്രമാണിച്ച് നേരത്തെ തന്നെ സ്ഥലത്ത് തമ്പടിച്ചിരുന്നു.

കേരള കോണ്‍ഗ്രസ്സ് കൂടി മുന്നണി വിട്ട സാഹചര്യത്തില്‍ ഭരണത്തില്‍ തിരിച്ചു വരിക എന്നത് യു.ഡി.എഫിനെ സംബന്ധിച്ചിപ്പോള്‍ വലിയ വെല്ലുവിളിയാണ്. പി.ജെ. ജോസഫ് ‘സീറോയാണെന്നും’ ഹീറോ ജോസ് കെ മാണിയാണെന്നും വൈകിയാണ് യു.ഡി.എഫ് നേതൃത്വവും തിരിച്ചറിഞ്ഞിരിക്കുന്നത്. അതിനാകട്ടെ ജോസ് വിഭാഗം പുറത്ത് പോകേണ്ടി വന്നു എന്നു മാത്രം. ഏറ്റവും ഒടുവില്‍ കെ.എം മാണിയെ ചതിച്ചത് രമേശ് ചെന്നിത്തലയാണെന്ന വിവരം കൂടി പുറത്ത് വന്നതോടെ ആകെ പെട്ട അവസ്ഥയിലാണിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം. മധ്യ തിരുവതാംകൂറില്‍ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയാണ് ഇതോടെ സംജാതമായിരിക്കുന്നത്. ഒരു അധികാര മോഹിയായി ചെന്നിത്തലയെ ചിത്രീകരിക്കാന്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് ഇടതുപക്ഷത്തിന് വലിയ ഗുണമാകും.ബാര്‍കോഴ കേസില്‍ കെ എം മാണിക്കെതിരായ ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാകാനുള്ള രമേശ് ചെന്നിത്തലയുടെ ഗൂഢാലോചയായിരുന്നെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. സമ്മര്‍ദ്ദം ചെലുത്തി മാണിയുടെ പിന്തുണ നേടുകയായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയുടെ ലക്ഷ്യമെന്നും അന്തരിച്ച സി എഫ് തോമസ് അധ്യക്ഷനായ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗൂഢാലോചനയില്‍ ഐ ഗ്രൂപ്പ് നേതാക്കളായ ജോസഫ് വാഴയ്ക്കനും അടൂര്‍ പ്രകാശുമാണ് പങ്കെടുത്തതെന്നാണ് കണ്ടെത്തല്‍. ഇടനിലക്കാരനായി പി സി ജോര്‍ജിന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഘട്ടങ്ങളില്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളായതായും ഇതില്‍ പരാമര്‍ശമുണ്ട്. അടൂര്‍ പ്രകാശിന്റെ ബന്ധുവായ ബിജു രമേശിനെക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചതിന് പിന്നാലെ ‘താല്‍പ്പര്യവും’ റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.

2014 ഒക്ടോബര്‍ 31ന് മനോരമ ചാനലിലൂടെയാണ് വിവാദ ആരോപണം ബിജു രമേശ് ഉന്നയിച്ചിരുന്നത്. എക്‌സൈസ് വകുപ്പിന്റെ നടപടികളും മന്ത്രിയുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളും ബാര്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെടുത്തി കുരുക്കൊരുക്കുകയായിരുന്നു. ഇത് മാണിയാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണ കമ്മിഷന്റെ നിഗമനം. കോണ്‍ഗ്രസിനോടും മാണിയോടും വര്‍ഷങ്ങളായുള്ള ചില നേതാക്കള്‍ക്കുള്ള പകയും ഗൂഢ നീക്കങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിവേഗ പരിശോധനയ്ക്കാണ് ചെന്നിത്തല ഉത്തരവിട്ടിരുന്നത്. മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

എന്നാല്‍, അന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയിരുന്നത്. ഇക്കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത ബാറുകള്‍ ഒഴികെയുള്ളവ തുറക്കാനാണ് 2014 ഏപ്രില്‍ രണ്ടിലെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നത്. ഇവയാകട്ടെ 50 എണ്ണവുമായിരുന്നു. മന്ത്രിസഭാ തീരുമാനശേഷം ഇത് 418 എണ്ണമായതില്‍ അഴിമതിയുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് 71 പേജുള്ള റിപ്പോര്‍ട്ടിലുള്ളത്. കോണ്‍ഗ്രസിനൊപ്പം യുഡിഎഫില്‍ തുടരുന്നത് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ഗുണമാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെ.എം മാണി മുന്‍പ് പുറത്ത് വിടാന്‍ മടിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പുറത്ത് വന്നിരിക്കുന്നത്. യഥാര്‍ത്ഥ മാണി കോണ്‍ഗ്രസ്സ് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന പി.ജെ.ജോസഫ് വിഭാഗത്തിനും അപ്രതീക്ഷിത പ്രഹരമാണ് ഈ റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുന്നത്. അന്വേഷണ കമ്മിഷന്‍ അദ്ധ്യക്ഷനായിരുന്ന അന്തരിച്ച സി.എഫ് തോമസ് ജോസഫ് പക്ഷത്തായിരുന്നു എന്നതും ജോസഫ് വിഭാഗത്തെ വെട്ടിലാക്കുന്നതാണ്. റിപ്പോര്‍ട്ടിനെതിരെ എന്ത് പ്രതിരോധമുയര്‍ത്തിയാലും അത് വിലപ്പോകുമോ എന്ന കാര്യത്തിലും യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ സംശയമുണ്ട്.

ബിജു രമേശിന്റെ ആരോപണങ്ങളും ഉണ്ടയില്ലാ വെടിയായി മാറി കഴിഞ്ഞു. ബാര്‍ കോഴ സമരം ചൂണ്ടിക്കാട്ടി സി.പി.എമ്മിനെ വെട്ടിലാക്കാന്‍ ശ്രമിച്ചവരാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടോടെ ഇപ്പോള്‍ ശരിക്കും വെട്ടിലായിരിക്കുന്നത്. പ്രതിപക്ഷം എന്ന നിലയില്‍ ഇടതുപക്ഷം അന്ന് സ്വീകരിച്ച നിലപാട് ശരിയായിരുന്നു. ഭരണപക്ഷത്തിനെതിരായ ഏതൊരു ആയുധവും പ്രയോഗിക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമ തന്നെയാണ്. പ്രത്യേകിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ സ്വന്തം മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇടതുപക്ഷം സ്വന്തം കടമ തന്നെയാണ് നിര്‍വ്വഹിച്ചിരുന്നത്.

കുരുക്കാന്‍ പദ്ധതി തയ്യാറാക്കിയവരാണ് ഇവിടെ യഥാര്‍ത്ഥ വില്ലന്‍മാര്‍. അതാകട്ടെ ചെന്നിത്തലയും സംഘവും മാത്രവുമാണ്. അണിയറയിലെ ഈ ‘തിരക്കഥ’ പുറത്തായത് മുസ്ലീം ലീഗ് നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ ഉയര്‍ത്തി കാട്ടേണ്ട എന്ന വികാരം ലീഗിലും ഇപ്പോള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ തന്നെ ആശ്രയിക്കാനാണ് ലീഗും ആഗ്രഹിക്കുന്നത്. 14 ജില്ലകളിലും രാഹുലിനെയും പ്രിയങ്കയെയും എത്തിക്കുന്ന പ്രചരണം വേണമെന്നതാണ് മുസ്ലിംലീഗ് നിലപാട്. ഇക്കാര്യം കോണ്‍ഗ്രസ്സ് നേതൃത്വത്തോട് ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ