ശബരിമല ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിക്ക് കോവിഡ്

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകിരിച്ചത്. തുടര്‍ന്ന് ഇയാളെ റാന്നി കാര്‍മല്‍ എന്‍ജിനീയറിങ് കോളേജിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത ഇയാള്‍ തനിച്ചാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണമാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റുമായി വരണമെന്നാണ് ഭക്തര്‍ക്ക് നല്‍കിയിരിക്കുന്ന പൊതുവായ നിര്‍ദേശം. ഈ രേഖയില്ലാതെ ദര്‍ശനത്തിന് എത്തുന്നവര്‍ക്കാണ് നിലയ്ക്കലില്‍ പരിശോധന നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ