കുമ്മനം രാജശേഖരൻ, മാർത്തോമ്മാ മെത്രാപ്പോലീത്തായെ അനുസ്മരിച്ചു

കാലം ചെയ്ത അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ മലങ്കര മാർത്തോമ്മാ സഭയുടെ സൂര്യതേജസ്സായിരുന്നുവെന്നു മുൻ മിസോറാം ഗവർണറും, ബിജെപി സംസ്ഥാന പ്രസിഡന്റും ആയിരുന്ന ശ്രീ. കുമ്മനം രാജശേഖരൻ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാഞ്ഞതിൽ ഖേദം അറിയിച്ച കുമ്മനത്തിന്‍റെ അനുശോചന സന്ദേശം, സുഹൃത്തും, ലോക കേരള സഭ അംഗവുമായ ജോസ് കോലത്ത്, തിരുവല്ലാ അലക്സാണ്ടർ മാർത്തോമ്മാ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പൊതുദർശന വേളയിൽ വായിച്ച്ത് ഹൃദയ സ്പർശിയായ അനുഭവം ആയി. സന്ദേശത്തിന്റെ പൂർണരൂപം :

സൗമ്യവചസുകൾ കൊണ്ട് ആരുടേയും ഹൃദയത്തെ സ്നേഹാദ്രമാക്കുന്ന ആദർശനിഷ്ഠനായ
തപോധനനെയാണ്‌ നമുക്ക് നഷ്ടപ്പെട്ടത്.

കേരളത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദിജിയും അമിത്ഷാജിയും വന്നപ്പോഴെല്ലാം നേരിൽ കണ്ട് കുശലാന്വേഷണം നടത്തുകയും പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്യുകയും
പതിവായിരുന്നു. സ്നേഹബന്ധം എന്നെന്നും കാത്തുസൂക്ഷിച്ചു. ദേശിയതലത്തിൽ അംഗീകാരവും ആദരവും ആർജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനകീയപ്രശ്നങ്ങളുടെ പരിഹാരാർത്ഥം നിരന്തരം ചർച്ചയും കൂട്ടായ പരിശ്രമങ്ങളും നടത്തുന്നതിന് ഒരു മടിയും കാണിച്ചില്ല.

പ്രായാധിക്യം കൊണ്ടുള്ള ക്ലെശങ്ങളെ വകവെക്കാതെ സ്ഥിരോത്സാഹിയായി പലപ്പോഴും പൊതു പ്രശ്നങ്ങളിൽ ഇടപെടുമായിരുന്നു. ധർമനിഷ്ഠയും ഉറച്ചകാൽവെപ്പും മറ്റുള്ളവർക്ക് പ്രത്യാശയും പ്രതീക്ഷയും പകർന്നു.

ആത്മീയഭാഷണങ്ങൾ പമ്പാനദീതീരം എത്രയോ നാൾ ശ്രവിച്ചു. ആ മഹാത്മാവിന്റെ ദീപ്തസ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ!

(താമസിയാതെ, സഭാ ആസ്ഥാനത്തെത്തി, തന്റെ അനുശോചനം നേരിട്ട് അറിയിക്കുമെന്നും കുമ്മനം കൂട്ടിച്ചേർത്തു.)

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ