ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ അനുകൂലിച്ച് സിപിഐ

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം എതിര്‍ക്കേണ്ടെന്ന് സി.പി.ഐ. എക്സിക്യൂട്ടീവ് തീരുമാനം. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞ് എം.പി. സ്ഥാനം രാജിവെച്ച ജോസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എല്‍.ഡി.എഫിന്റെ പൊതുവായ തീരുമാനത്തിന് ഒപ്പം നില്‍ക്കാനും സി.പി.ഐ. എക്സിക്യൂട്ടീവ് തീരുമാനിച്ചു.

ജോസ് കെ. മാണിയുമായി ബന്ധപ്പെട്ട് പഴയതു പോലെ സി.പി.ഐ. എതിര്‍പ്പ് പ്രകടിപ്പിക്കുന്നതില്‍ കാര്യമില്ല. കാരണം ജോസ് കെ. മാണി യു.ഡി.എഫിനെ തള്ളിപ്പറയുകയും അവിടെ നിന്ന് ലഭിച്ച എം.പി. സ്ഥാനം രാജിവെക്കുകയും ചെയ്തിട്ടുണ്ട്. എല്‍.ഡി.എഫിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമാണെന്ന് ജോസ് കെ. മാണിയും പാര്‍ട്ടിയും അറിയിച്ചിട്ടുണ്ട്. ഈ സ്ഥിതിക്ക് അവരെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.ഐ. സ്വീകരിച്ചിരിക്കുന്നത്.22ന് ചേരുന്ന എല്‍.ഡി.എഫ്. യോഗത്തില്‍, ഭൂരിപക്ഷം കക്ഷികള്‍ എടുക്കുന്ന തീരുമാനത്തിന് അനുസൃതമായ നിലപാട് തന്നെ സി.പി.ഐയും എടുക്കും. ജോസ് കെ. മാണി പക്ഷത്തെ എല്‍.ഡി.എഫിലേക്ക് എടുക്കാനാണ് സി.പി.എമ്മും മറ്റു കക്ഷികളും തീരുമാനിക്കുന്നതെങ്കില്‍ സി.പി.ഐ. അതിനോട് യോജിക്കും.