ഇനി മണിക്കൂറുകൾ മാത്രം ബാക്കി

അമേരിക്കൻ പ്രസിഡന്റ്തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന വാർത്തയാണ് പുറത്തുവരുന്നത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളാണ് സന്ദർശിച്ചത്. അതേസമയം കടുത്ത മൽസരം നടക്കുന്ന പെൻസിൽവേനിയയിലാണ് ബൈദൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നിലവിലെ പോളുകളിലെല്ലാം ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി ജോ ബൈഡൻ ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ ദേശീയ തലത്തിൽ കാണിക്കുന്ന ഈ ലീഡ് പോരാട്ട സംസ്ഥാനങ്ങളിലെത്തുമ്പോൾ ചുരുങ്ങുന്ന ചിത്രമാണ് ഇപ്പോഴുള്ളത്. ഈ പോരാട്ട സംസ്ഥാനങ്ങളാണ് അമേരിക്ക ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതെന്നിരിക്കേ മൽസരം വാശിയേറിയതു തന്നെയാണ്. ശനിയാഴ്ചയോടെ ഒമ്പതുകോടി അമേരിക്കക്കാരാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇനി തെരഞ്ഞെടുപ്പ് ദിവസത്തെ വോട്ടിങ്ങ് കൂടി പരിഗണിച്ചാൽ പോളിങ്ങ് ശതമാനം അറുപതു കവിയുമെന്നാണ് കരുതുന്നത്. ഒരുപക്ഷേ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും കൂടിയ പോളിങ്ങ് ആയിരിക്കും അമേരിക്കയിൽ രേഖപ്പെടുത്തുക.

ഞായറാഴ്ച മാത്രം അയോവ, മിഷിഗൺ, നോർത്ത് കരോലീന, ജോർജിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് റാലി നടത്തി. സാമ്പത്തിക രംഗത്തെ തന്റെ നേട്ടവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളാണ് ട്രംപ് റാലികളിൽ ഉന്നയിക്കുന്നത്. പലയിടങ്ങളിലും ചെറിയ തോതിൽ മഞ്ഞുവീഴ്ചയും പൂജ്യം ഡിഗ്രി താപനിലയുമായിരുന്നുവെങ്കിലും അതൊന്നും വകവെക്കാതെയാണ് ട്രംപിന്റെ പ്രചാരണം.