ബിനീഷിന്റെ ബന്ധങ്ങള്‍ പുറംലോകമറിഞ്ഞത് ഒന്നര മാസത്തെ നിരീക്ഷണത്തിനൊടുവില്‍

ബംഗളുരു: ലഹരി മരുന്ന് കേസില്‍ ഒന്നര മാസം രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് ഇടപാടുകള്‍ നടത്തിയ ബംഗളുരു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് അപ്പാര്‍ട്ട്മെന്റ് ഹോട്ടലില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) റെയ്ഡ്. അതോടെയാണ് ബിനീഷ് കോടിയേരിയുടെ ബന്ധങ്ങള്‍ പുറംലോകം അറിഞ്ഞത്. ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെ മയക്കുമരുന്ന് ഇടപാടുകള്‍ ലക്ഷ്യമിട്ടാണ് അനൂപ് ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുത്തതെന്നാണ് എന്‍.സി.ബിയുടെ കണ്ടെത്തല്‍.

25ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി മൂന്നര ലക്ഷം പ്രതിമാസ വാടകയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് അനൂപും മറ്റ് രണ്ടു പേരും ചേര്‍ന്ന് മലയാളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. 205ാം നമ്പര്‍ മുറിയില്‍ അനൂപ് താമസം തുടങ്ങി. ബിനീഷടക്കം നിരവധി പ്രമുഖര്‍ സന്ദര്‍ശകരും താമസക്കാരുമായിരുന്നു. വിദേശികളടക്കം വന്നുപോകുന്നതായും മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായും എന്‍.സി.ബിക്ക് വിവരം കിട്ടി.

ഓഗസ്റ്റ് 21ന് മുറിയില്‍ നിന്ന് അനൂപിനെ മയക്കുരുന്നുമായി എന്‍.സി.ബി അറസ്റ്റ് ചെയ്തു. എന്‍.സി.ബി ആവശ്യപ്പെട്ടപ്പോഴാണ് പണമിടപാടിനെ കുറിച്ച് ഇ.ഡി അന്വേഷണം തുടങ്ങിയത്. ഹോട്ടല്‍ നടത്തിപ്പിന് അനൂപിനെ ബിനാമിയാക്കി ബിനീഷ് പണം മുടക്കിയെന്ന് എന്‍ഫോഴ്‌സ്മെന്റും കണ്ടെത്തിയിട്ടുണ്ട്.

തിരക്കില്ലാത്ത പ്രദേശത്തെ ഹോട്ടലായതിനാല്‍ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല. കാര്യമായ ബിസിനസില്ലാത്തതിനാലാണ് വാടകയ്ക്ക് കൊടുത്തതെന്നും മയക്കുമരുന്ന് വ്യാപാരത്തിനാണ് ഏറ്റെടുത്തതെന്ന് പിന്നീടാണ് മനസിലായതെന്നും ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. മയക്കുമരുന്ന് കേസുണ്ടായതോടെ കരാര്‍ റദ്ദാക്കി ഹോട്ടല്‍ തിരിച്ചെടുത്തു. അനൂപുമായുള്ള പണമിടപാടിന്റെ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും ഹോട്ടലുടമകള്‍ എന്‍.സി.ബിക്കും ഇ.ഡിക്കും കൈമാറിയിട്ടുണ്ട്.