അമേരിക്കയുടെ നാൽപത്തിയാറമത് പ്രസിഡന്റായി ജോ ബൈഡൻ

ന്യൂയോർക് ; അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് വിജയം. അമേരിക്കയുടെ നാല്‍പത്തിയാറാമത്തെ പ്രസിഡന്റാണ് ബൈഡന്‍. ഒപ്പം ചരിത്രം കുറിച്ച് കമല ഹാരിസും. യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യവനിതയും ആദ്യ ഇന്ത്യന്‍ വംശജയുമാണ് കമല. വിജയമുറപ്പിക്കുമ്പോഴും അമേരിക്കന്‍ ജനാധിപത്യത്തോടുള്ള ആദരവ് പ്രകടമാക്കുന്നതായിരുന്നു ജോ ബൈഡന്‍റെ വാക്കുകള്‍.

‘അവസാന വോട്ടും എണ്ണിത്തീരും വരെ ശാന്തരായി കാത്തിരിക്കുക’ ഇതാണ് അദ്ദേഹം അണികളോട് ആഹ്വാനം ചെയ്ത വാക്കുകൾ. എതിരാളികളാണെങ്കിലും ആരും ശത്രുക്കളല്ലെന്നും ആത്യന്തികമായി എല്ലാവരും അമേരിക്കക്കാരാണെന്നും ബൈഡന്‍ ഓര്‍മിപ്പിച്ചു. കോവിഡ്, സമ്പദ് വ്യവസ്ഥ, കാലാവസ്ഥ വ്യതിയാനം, വംശീയത എന്നീ വിഷയങ്ങളിൽ ശക്തമായ തീരുമാനമെടുക്കാനാണ് ഈ ജനവിധിയെന്നും ബൈഡൻ പറഞ്ഞു.