ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം: ഏഴ് പാക് സൈനീകരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ തിരിച്ചടിയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഡസനോളം പാക് സൈനികര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തീവ്രവാദ കേന്ദ്രങ്ങളും തകര്‍ത്തിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു.

പാക് ബങ്കറുകളും ഇന്ധന സംഭരണ ശാലകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഇതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടു. ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നുകയറാനുള്ള പാക് ശ്രമം സൈന്യം പരാജയപ്പെടുത്തിയെന്നും ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് പാക് സൈനികര്‍ ഇന്ത്യയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.നിയന്ത്രരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയത്. ജമ്മുകശ്മീരിലെ ഗുരേസ് സെക്ടര്‍ മുതല്‍ ഉറി സെക്ടര്‍ വരെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.ബന്ദിപോര ജില്ലയിലെ ഉറി, ഗുരേസ് സെക്ടറുകളിലും കുപ്വാര ജില്ലയിലെ കേരന്‍ സെക്ടറിലുമാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്.