സുഹൃത്തുക്കളായ യുവാക്കൾ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ചു

മാറനല്ലൂർ: തിരുവനന്തപുരം മാറനല്ലൂരിൽ സുഹൃത്തുക്കളായ യുവാക്കൾ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ചു. മാറനല്ലൂർ കണ്ടല സഹകരണ ആശുപത്രിക്ക് സമീപം അജിൻ നിവാസിൽ ശ്രീകുമാറിന്റെ മകൻ അജിൽ എസ് കുമാറാ(20)ണ് ആദ്യം മരിച്ചത്. പിന്നാലെ അജിലിന്റെ വീടിനു സമീപം മൊബൈൽ കട നടത്തുന്ന അരുവിയോട് ചാനൽക്കര വിളയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ മകൻ അവിനേഷി(ശ്രീക്കുട്ടൻ29)നേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് അജിൽ വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്നത് സഹോദരനായ അജിൻ കണ്ടത്. മരണവിവരമറിഞ്ഞ്് അജിലിന്റെ വീട്ടിലെത്തിയ അവിനേഷ്് സുഹൃത്തുക്കളുമായി ഏറെ നേരം സംസാരിച്ചിരിക്കുകയും ശേഷം ബൈക്കെടുത്ത് അരുവിയോടുള്ള വീട്ടിലേക്ക് പോവുകയുമായിരുന്നു. വൈകാതെ ആൾതാമസമില്ലാത്ത ബന്ധുവീട്ടിൽ ഇയാൾ തൂങ്ങിനിൽക്കുന്നതാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

മൂന്ന് മണിയോടുകൂടിയാണ് അവിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടിടത്തും മാറനല്ലൂർ പോലീസെത്തി നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.രണ്ടുപേരുടേയും മൊബൈൽ പരിശോധനയ്ക്കായി കണ്ടെടുത്തിട്ടുണ്ടെന്ന് മാറനല്ലൂർ എസ്എച്ച്ഒ എസ് ബിനോയ് പറഞ്ഞു.