തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പി.ജെ ജോസഫിനും ജോസ്.കെ മാണിക്കും നിർണ്ണായകം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കേരള കോണ്‍ഗ്രസ്സ് നേതാക്കളായ പി.ജെ ജോസഫിനും ജോസ്.കെ മാണിക്കും അതി നിര്‍ണ്ണായകമാകും. യു.ഡി.എഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് പക്ഷത്തിന് കരുത്ത് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ജോസഫ് പക്ഷത്തിനാവട്ടെ ജനപിന്തുണ തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കേണ്ടി വരുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. യു.ഡി.എഫ് നേതൃത്വം കേരള കോണ്‍ഗ്രസ്സിന് കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയ പരിഗണനയേക്കാള്‍ കൂടുതല്‍ പരിഗണന ഇത്തവണ ഇടതുപക്ഷം ജോസ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ച് കാര്യമായ പരിഗണന നല്‍കിയിരിക്കുന്നത് സി.പി.എമ്മാണ്. പലയിടത്തും സിറ്റിംഗ് സീറ്റുകള്‍ പോലും വിട്ടുകൊടുത്താണ് സി.പി.എം ജോസ് കെ മാണി വിഭാഗത്തെ പരിഗണിച്ചിരിക്കുന്നത്. മധ്യ തിരുവതാംകൂറില്‍ മാത്രമല്ല വടക്കന്‍ ജില്ലകളിലെ മലയോര പ്രദേശങ്ങളിലും കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗത്തിന് സ്വാധീനമുണ്ടെന്നാണ് സി.പി.എം വിലയിരുത്തുന്നത്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ക്ക് പുറമെ എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ചുവപ്പിന്റെ പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം നിലനില്‍ക്കെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികള്‍ക്കും നിര്‍ണ്ണായകമാകും. മുന്നണികളിലെ ഘടകകക്ഷികളുടെ പ്രകടനവും പ്രത്യേകം വിലയിരുത്തപ്പെടും. ജോസഫ് വിഭാഗത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജോസ് വിഭാഗം നേടിയാല്‍ അത് യു.ഡി.എഫില്‍ വലിയ കലാപത്തിനാണ് വഴിവയ്ക്കുക. ജോസ് വിഭാഗത്തെ പുറത്താക്കിയത് ശരിയായില്ലെന്ന് കരുതുന്ന വലിയ വിഭാഗം ഇപ്പോഴും യു.ഡി.എഫില്‍ ഉണ്ട്. ഇവര്‍ കലാപക്കൊടി ഉയര്‍ത്തിയാല്‍ ജോസഫ് വിഭാഗമാണ് പ്രതിസന്ധിയിലാകുക.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിലപേശല്‍ നടത്താനുള്ള അവസരമാണ് അതോടെ പി.ജെ. ജോസഫിന് നഷ്ടമാകുക. ഒപ്പമുള്ളവര്‍ പോലും പാര്‍ട്ടി വിട്ട് പോകാനുള്ള സാധ്യതയും ഏറെയാണ്. അതുകൊണ്ട് തന്നെ ജോസഫിനെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത്. ജോസ് പക്ഷത്തെ സംബന്ധിച്ചാണെങ്കില്‍ വലിയ ആത്മവിശ്വാസമാണ് നിലവിലുള്ളത്. കേരള കോണ്‍ഗ്രസ്സില്‍ ജനപിന്തുണ തങ്ങള്‍ക്ക് മാത്രമാണ് ഉള്ളതെന്നാണ് ജോസ് വിഭാഗത്തിന്റെ അവകാശവാദം. സി.പി.എമ്മിന്റെ സംഘടനാ സംവിധാനം താഴെ തട്ടുവരെ ശക്തമായി ഉള്ളതും ജോസ് വിഭാഗത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്‍കാല ചരിത്രവും ഇടതുപക്ഷത്തിന് അനുകൂലമാണ്. പ്രതികൂല സാഹചര്യങ്ങളില്‍ പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ഇപ്പോഴത്തെ വിവാദങ്ങളെ ഭരണപക്ഷം ഭയക്കാതിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

സര്‍ക്കാറിനെതിരായ വിവാദങ്ങളിലാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സകല പ്രതീക്ഷകളും. അതേസമയം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ പദ്ധതികളിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. സംഘടനാപരമായ മികവ് പ്രചരണ രംഗത്ത് ഇടതുപക്ഷത്തിന് ഇതിനകം തന്നെ മുന്‍തൂക്കം ലഭിക്കാനും കാരണമായിട്ടുണ്ട്. ബി.ജെ.പിയും കേഡര്‍ സംവിധാനം ഉപയോഗപ്പെടുത്തി പരമാവധി ശ്രമങ്ങളാണ് നടത്തുന്നത്. തദ്ദേശ ഫലം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും നിര്‍ണ്ണായകമാണ്. സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകള്‍ താഴെ തട്ടില്‍ ബാധിക്കില്ലെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. യു.ഡി.എഫില്‍ കോണ്‍ഗ്രസ്സിനെ കവച്ച് വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മുസ്ലീം ലീഗാണ്. പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇത് പ്രകടവുമാണ്. എന്നാല്‍ രണ്ട് പാര്‍ട്ടി എം.എല്‍.എമാര്‍ അറസ്റ്റിലായത് ലീഗിനെ ശരിക്കും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനും, പാലാരിവട്ടം പാലം അഴിമതി കേസില്‍ കളമശ്ശേരി എം എല്‍.എ വി.കെ ഇബ്രാഹിംകുഞ്ഞുമാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ട് അറസ്റ്റുകളും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശരിക്കും ഉപയോഗപ്പെടുത്തുന്നുമുണ്ട്. അറസ്റ്റ് വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ഇബ്രാഹിം കുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലന്നാണ് വിജിലന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രി എന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞ് പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചനയില്‍ പങ്കാളിയായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതായും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. ലീഗിനെ മാത്രമല്ല യു.ഡി.എഫിനെയാകെ പ്രതിരോധത്തിലാക്കുന്നതാണ് വിജിലന്‍സിന്റെ ഈ കണ്ടെത്തല്‍. വിവാദങ്ങള്‍ക്കിടയിലും പ്രതിപക്ഷത്തെ അടിക്കാന്‍ ഭരണപക്ഷത്തിന് കിട്ടിയ വലിയ ആയുധമായി ഈ അറസ്റ്റ് മാറിയിരിക്കുകയാണ്.

മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് സംവരണം നല്‍കിയ സര്‍ക്കാര്‍ നടപടി ജോസ് വിഭാഗമാണ് പ്രധാനമായും പ്രചരണത്തില്‍ ഉന്നയിക്കുന്നത്. പ്രബല ക്രൈസ്തവ സംഘടനകളെല്ലാം സര്‍ക്കാറിന്റെ ഈ നിലപാടിനെ പിന്തുണച്ചാണ് രംഗത്ത് വന്നിരുന്നത്. യു.ഡി.എഫിനെ സംബന്ധിച്ച് മധ്യതിരുവതാംകൂറിലെ അപ്രതീക്ഷിത വെല്ലുവിളിയാണിത്. മുന്നോക്ക സംവരണത്തിനെതിരെ വിവിധ മുസ്ലീം സംഘടനകളെ കൂട്ട് പിടിച്ച് മുസ്ലീംലീഗ് സമരസമിതി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സ്വന്തം സമുദായത്തില്‍ നിന്നു തന്നെ വലിയ പിന്തുണ ഈ നീക്കത്തിന് കിട്ടിയിട്ടില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മിക്കയിടത്തും ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. റിബലുകളും വ്യാപകമാണ്.

ഓരോ വോട്ടും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് ആയതിനാല്‍ പ്രത്യേകം പട്ടിക തയ്യാറാക്കിയാണ് വോട്ട് പിടുത്തം പുരോഗമിക്കുന്നത്. ഇത്തവണ യുവത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് സി.പി.എമ്മാണ്. എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വലിയ പരിഗണനയാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. അതേസമയം ഇക്കാര്യത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളാണ് പ്രതിഷേധവുമായി ശക്തമായി രംഗത്തുള്ളത്. ഈ പ്രതിഷേധം പാരവയ്പ്പില്‍ കലാശിക്കുമോ എന്ന ഭയവും യു.ഡി.എഫ് നേതൃത്വത്തിലുണ്ട്.