കർഷക സമരത്തിന്റെ പേരിൽ വാഷിങ്ടൺ ഡി.സിയിലെ ഗാന്ധി പ്രതിമ തകർത്തും ‘ഖാലിസ്ഥാൻ’ പതാക കൊണ്ട് മൂടിയും പ്രതിഷേധം

    വാഷിങ്ടൺ ഡി.സി: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി വാഷ്ങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിക്ക് മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമയോട് അനാദരവ് കാട്ടി ‘ഖാലിസ്ഥാൻ’ വിഘടനവാദികളുടെ പ്രതിഷേധം. ഇന്ത്യൻ എംബസിക്ക് മുന്നിലെ മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസയിലെ പ്രതിമ ശനിയാഴ്ചയാണ് നശിപ്പിച്ചത്.

    പ്രതിഷേധക്കാർ പ്രതിമയിൽ പേസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ഖാലിസ്ഥാന്റെ മഞ്ഞ പതാക ഉപയോഗിച്ച് ഗാന്ധിജിയുടെ മുഖം മറയ്ക്കുകയും ചെയ്തു. ഖാലിസ്ഥാൻ അനുകൂല മദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ എത്തിയതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

    സംഭവത്തിൽ യു.എസ് നിയമ നിർവ്വഹണ ഏജൻസികളോട് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി  ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റവാളികൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.

    ഈ മാസം ആദ്യം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് നടന്ന പ്രതിഷേധത്തിൽ ‘ഖാലിസ്ഥാനി’ പതാകകളുമായെത്തിയ പ്രതിഷേധക്കാർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയിരുന്നു.

    ജൂൺ മൂന്നിന് ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തെത്തുടർന്നുണ്ടായ ‘ബ്ലാക്ക് ലൈവ്സ്’ പ്രതിഷേധത്തിനിടയിലും വാഷിങ്ടണിലെ മഹാത്മാഗാന്ധിയുടെ  പ്രതിമ നശിപ്പിക്കപ്പെട്ടു. പുതുക്കിപ്പണിത പ്രതിമ ഒരു മാസം മുൻപ് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി താരഞ്ജിത് സിംഗ് സന്ധുവാണ് അനാച്ഛാദനം ചെയ്തത്.

    മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് 2000 സെപ്റ്റംബർ 16 ന് യുഎസ് സന്ദർശനത്തിനിടെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സാന്നിധ്യത്തിലാണ് ഇന്ത്യൻ എംബസിക്ക് മുന്നിൽ മഹാത്മാഗാന്ധി പ്രതിമ സ്ഥാപിച്ചത്.