ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ കൊലപാതകം: യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

    crime in abdul kalam marg cochin

    കാസർകോട്: കാഞ്ഞങ്ങാട് മുണ്ടത്തോട് ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ. കൊലപാതകത്തിന് കാരണം രാഷ്ട്രീയമെന്ന് പൊലീസ് വ്യക്തമാക്കി.  യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂണിറ്റ് സെക്രട്ടറി ഇര്‍ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

    യൂത്ത് ലീഗ് പ്രവർത്തകരായ ഇസഹാഖ്, ഹസൻ എന്നിവരുൾപ്പെടെ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരാൾകൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടും എന്നാണ് സൂചന. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.  ആഴത്തിലുള്ള മുറിവാണ് ഔഫിന്റെ മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌.

    ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് ഔഫിനെ മൂന്നംഗസംഘം കുത്തി വീഴ്ത്തിയത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എപി സുന്നി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.

    കാഞ്ഞങ്ങാട് നഗരസഭയിലെ വാര്‍ഡ് 35 യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. തുടര്‍ന്നു നടന്ന എല്‍ഡിഎഫ് ആഹ്ലാദ പ്രകടനത്തിലും ഔഫ് പങ്കെടുത്തു. ഇതെല്ലാം പ്രകോപന കാരണമായെന്നാണ് നിഗമനം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷുഹൈബ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഷുഹൈബിന്റെ മൊഴിയെ തുടർന്നാണ് യൂത്ത് ലീഗ് നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തത്.