കഞ്ചാവു ചെടികള്‍ വളര്‍ത്തി; വനിത ഉള്‍പ്പെടെ വിദേശികള്‍ അറസ്റ്റില്‍

കുമളി : താമസസ്ഥലത്ത് കഞ്ചാവു ചെടികള്‍ നട്ടു വളര്‍ത്തുകയും ലഹരി വസ്തുക്കള്‍ കൈവശം വെയ്ക്കുകയും ചെയ്ത കേസില്‍ ഒരു വനിത ഉള്‍പ്പെടെ രണ്ടു വിദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യന്‍ പൗരന്‍ മുഹമ്മദ് ആദില്‍ ഹസന്‍(50), ഇയാളുടെ സുഹൃത്ത് ജര്‍മ്മന്‍ സ്വദേശിനി വുള്‍റിക് റിച്ചര്‍ (34) എന്നിവരാണ് പിടിയിലായത്.

തേക്കടി ബൈപ്പാസ് റോഡില്‍ ഇവര്‍ താമസിച്ചിരുന്ന ക്രിസ്സിസ് കഫേയില്‍ നിന്നു നാലു മാസത്തോളം പ്രായമുള്ള അഞ്ചു കഞ്ചാവു ചെടികളും 90 ഗ്രാം ഹാഷിഷ് ഓയിലും 90 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. വിദേശയിനം കഞ്ചാവു ചെടികള്‍ക്ക് 49 സെന്റിമീറ്റര്‍ ഉയരമുണ്ട്. ഒരു കുപ്പിയിലാണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ ഒരു ലക്ഷം രൂപയും കഞ്ചാവിനു രണ്ടായിരം രൂപയും വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിദേശികള്‍ക്കു മാത്രം താമസിക്കുന്നതിനു സൗകര്യം നല്‍കുന്ന ഇന്ത്യയെ രജിസ്റ്റര്‍ ചെയ്ത് സ്ഥാപനമാണ് ക്രിസ്സിസ് കഫേ. കഴിഞ്ഞ 14 വര്‍ഷമായി മുഹമ്മദ് ആദില്‍ ഹസ്സന്‍ ഇതിന്റെ മാനേജരായി പ്രവര്‍ത്തിച്ചു വരികയാണ്. ഇവിടെ കഞ്ചാവു ചെടികള്‍ വളര്‍ത്തുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു സ്ഥാപനം. ഇന്നലെ പീരുമേട് കോടതിയില്‍ നിന്നു സെര്‍ച്ച് വാറന്റ് സമ്പാദിച്ചായിരുന്നു പരിശോധന.

ഇവരെ അറസ്റ്റ് ചെയ്ത വിവരം ആഭ്യന്തരവകുപ്പിനും വിദേശകാര്യവകുപ്പിനും കൈമാറുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.