കൊച്ചി കോര്‍പറേഷന്‍; സി.പി.ഐയിലെ ആന്‍സിയ ഡെപ്യൂട്ടി മേയറാകും

    കൊച്ചി: സി.പി.ഐയിലെ ആന്‍സിയ കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറാകും. സി.പി.എം – സി.പി.ഐ ജില്ലാ സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഡെപ്യൂട്ടി മേയര്‍ പദവി സി.പി.ഐക്ക് നല്‍കാന്‍ തീരുമാനിച്ചത്. 75 അംഗ കൗണ്‍സിലില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാതായതോടെ രണ്ട് വിമതരുടെ പിന്തുണയിലാണ് ഇടതു മുന്നണി ഭൂരിപക്ഷം ഉറപ്പിച്ചത്. 34 ഇടത് കൗണ്‍സിലര്‍മാരില്‍ നാലു പേരാണ് സി.പി.ഐക്കുള്ളത്. അതില്‍ ഏക വനിതയാണ് ആന്‍സിയ.

    ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൂടി ഏറ്റെടുക്കാന്‍ സി.പി.എം ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സി.പി.ഐ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. മുന്നണിയില്‍ തര്‍ക്കങ്ങളില്ലാതെയാണ്

    ഡെപ്യൂട്ടി മേയര്‍ പദവി ലഭിച്ചതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

    പാര്‍ട്ടി എല്പിക്കുന്ന ചുമതല ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുമെന്ന്  ആന്‍സിയ പ്രതികരിച്ചു. മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കലാണ്  പ്രഥമ ലക്ഷ്യം. ഭവന രഹിതര്‍ക്ക് വീട് നല്‍കുന്നതിനും മുന്‍ഗണന നല്‍കുമെന്നും ആന്‍സിയ
    പറഞ്ഞു.

    മട്ടാഞ്ചേരിയില്‍ നിന്നും കന്നിയങ്കത്തില്‍ വിജയിച്ച അന്‍സിയ വീട്ടമ്മയാണ്. ഓട്ടോ ഡ്രൈവറായ അഷറഫാണ് ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്. സഹോദരന്‍ അനൂപ് എ.ഐ.വൈ.എഫ് മട്ടാഞ്ചേരി മണ്ഡലo പ്രസിഡന്റാണ്.