സ്വപ്‌നയുടെ സന്ദര്‍ശകര്‍ക്കൊപ്പം ഉദ്യോഗസ്ഥരെ അനുവദിക്കണം; കൊഫേപോസയ്ക്ക് പരാതി നൽകി കസ്റ്റംസ്

    തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥരെ വിലക്കിയ ജയില്‍ വകുപ്പിന്റെ നടപടിക്കെതിരെ പരാതിയുമായി കസ്റ്റംസ്. കൊഫേപോസ ബോര്‍ഡിനാണ് കസ്റ്റംസ് പരാതി നല്‍കിയത്. ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ടുള്ള ജയില്‍ ഡി.ജി.പിയുടെ ഉത്തരവ് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും പരാതിയില്‍ പറയുന്നു.

    സ്വപ്നയുടെ ജീവന് ഭീഷണിയുള്ളതിനാൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം അനുവദിക്കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. സ്വപ്ന സുരേഷിന്റെ കാര്യത്തിൽ കസ്റ്റംസിനെതിരേ ജയിൽവകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സന്ദർഭത്തിലാണ് സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്. സ്വർണക്കടത്തിലും ഡോളർകടത്തിലും ഉന്നതരുള്ളതായി വെളിപ്പെടുത്തുകയും കുറ്റസമ്മതമൊഴി നൽകുകയും ചെയ്ത സന്ദർഭത്തിൽ സ്വപ്നയുടെ ജീവന് ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ് . അതിനാൽ സന്ദർശകരെത്തുമ്പോൾ തങ്ങളെ അറിയിക്കണമെന്നാണ് കസ്റ്റംസിന്റെ വാദം. ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിപ്പിക്കാനുള്ള നിയമോപദേശവും കസ്റ്റംസ് വകുപ്പ് തേടിയിച്ചുണ്ട്.

    ജയില്‍ ചട്ടം അനുസരിച്ച് എല്ലാ ബുധനാഴ്ചയും വൈകിട്ട് മൂന്നു മുതല്‍ നാലു മണിവരെയാണ് സ്വപ്നയെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച സ്വപ്നയെ കാണാനെത്തിയ ബന്ധുക്കള്‍ക്കൊപ്പം വന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയില്‍ വകുപ്പ് അധികൃതര്‍ മടക്കി അയച്ചിരുന്നു.