മുഖ്യമന്ത്രിയെ ആദരണീയനെന്ന് വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുത്’; കേരളത്തിൽ ഭരണകൂട ഫാസിസമെന്ന് ഓർത്തഡോക്‌സ് സഭ

    കോട്ടയം: കേരളത്തിൽ നടത്തുന്നത് മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെത് ഭരണകൂട ഫാസിസമാണെന്നും കടുത്ത വിമ‌ർശനവുമായി ഓർ‌ത്തഡോക്‌സ് സഭ. പിണറായി വിജയനെ നാടിന്റെ മുഖ്യമന്ത്രിയായാണ് കാണുന്നതെന്നും ആ ബഹുമാനം കിട്ടണമെങ്കിൽ അത്തരത്തിൽ ഇടപെടണമെന്നും സഭ മാദ്ധ്യമവിഭാഗം തലവൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. അവസരം കിട്ടുമ്പോൾ ഏകാധിപത്യം കാണിക്കുന്നവരാണ് ഭരിക്കുന്നതെന്നും ആദരണീയൻ എന്ന് മുഖ്യമന്ത്രിയെ വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

    മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയമായ മറുപടികൾ പാർട്ടിയുടെ ലോക്കൽ ഓഫീസിൽ പറഞ്ഞാൽ മതി. സഭകളോട് മാന്യമായി ഇടപെട്ടാൽ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്‌ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു. മലപ്പുറത്ത് ഓർത്തഡോക്‌സ് വൈദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ഉത്തരം സഭയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തനിക്ക് തോന്നുംപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ നടക്കില്ലെന്നും നുണകൾ പറയുകയും വൈദിക കുപ്പായത്തെ ചോദ്യം ചെയ്യുകയും ചെയ്‌ത തെ‌റ്റ് മുഖ്യമന്ത്രി തിരുത്തുന്നതായിരിക്കും നല്ലതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.

    കോടതികൾ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാൻ ഓർത്തഡോക്‌സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ലെന്നും. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പള‌ളി ഒഴിപ്പിക്കലെന്നും അത് സർക്കാർ ദാക്ഷിണ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പള‌ളിയിൽ ആർക്കും വരാം എന്നാൽ ശുശ്രൂഷകൾ നടത്താൻ മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിവേണം. കോടതിയുടെ തീരുമാനത്തെ ചർച്ചവഴി മറികടക്കാമെന്ന് കരുതേണ്ടെന്നും ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത മുന്നറിയിപ്പ് നൽകി. രാജ്യ തലസ്ഥാനം തിരുവനന്തപുരമാണെന്ന് ആർക്കെങ്കിലും തെ‌റ്റിദ്ധാരണയുണ്ടെങ്കിൽ മാ‌റ്റണമെന്നതാണ് പ്രധാനമന്ത്രി നൽകിയ സന്ദേശം. സഭയുടെ ആശങ്കകളെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.