ലക്ഷങ്ങൾ മുടക്കി നവീകരിച്ച ജി.സി.ഡി.ഐ ചെയർമാന്റെ വീട്ടില്‍ ഭരണം മാറിയപ്പോൾ  പലതും കാണാനില്ല

കൊച്ചി. ഗ്രേറ്റർ കൊച്ചിൻ ഡവലപ്മൻ്റ് അതോറിറ്റി ചെയർമാന് താമസിക്കാൻ വേണ്ടി  നവീകരിച്ച ബംഗ്ളാവിൽ നിന്നും  ലക്ഷങ്ങൾ  വിലമതിക്കുന്ന ഉപകരണങ്ങൾ കാണാതായി. പുതിയ ചെയർമാൻ മോഹനന് കോട്ടേഴ്സ് കൈമാറുന്നതിന് മുൻപ് നടത്തിയ കണക്കെടുപ്പിലാണ് ഇത് കണ്ടത്തിയത് . നിരവധി എയർ കണ്ടീഷണറുകൾ , ഇലട്രിക് ഉപകരണങ്ങൾ, ഫർണ്ണിച്ചറുകൾ എന്നിവ പട്ടികയിലെ പ്രധാനപ്പെട്ടവയാണ്  .റ്റി വി സാൻ്റ്  , സി.എഫ് എൽ ലാമ്പ്, അടുക്കളയിൽ കിടന്ന ബൾബ് വരെ അടിച്ച് മാറ്റിയ കള്ളൻ  നിസാരക്കാരനല്ല. ചെയർമാന്‍െറ ഹൗസിൻ്റെ സംരക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക്  അടുത്തിടെ സ്ഥാനമേറ്റ  ചെയർമാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.

1500 ചതുരശ്ര അടിമാത്രം വിസ്തീർണ്ണം ഉള്ള കെട്ടിടം  ഇരുപത്തിയെട്ട് ലക്ഷം രൂപമുടക്കിയാണ് മുൻ ചെയർമാൻ നവീകരിച്ചത് .ഈ തുകക്ക് പുതിയ വീട് വെക്കാമെന്നിരിക്കെ സർക്കാർ പണം ധൂർത്തടിച്ച മുൻ ചെയർമാൻ്റ നടപടികൾ വലിയ  വിമർശനത്തിന് ഇടയാക്കിയിരുന്നു.ഇലട്രിക്കൽ ജോലികൾക്ക് മാത്രമായി 7.41 ലക്ഷംവും ,റൂഫിങ്ങിന് 7.65 ലക്ഷവും,ഫർണിച്ചർ വാങ്ങാൻ മാത്രം 2.71 ലക്ഷം രൂപയും ചിലവഴിച്ചു. മുപ്പത്തി രണ്ടായിരം രൂപയുടെ ആറ് എയർ കണ്ടീഷണറുകളാണ് വാങ്ങിയത് .റൂഫിങ്ങ് പെട്ടന്ന് കൊണ്ട് പോകാനാകാത്ത കൊണ്ട് ഇപ്പോഴും അവശേഷിക്കുന്നു. പുതിയ ചെയർമാന് താമസിക്കണമെങ്കിൽ അടുക്കള സാധനങ്ങൾ വരെ പുതിയതായി വാങ്ങിക്കേണ്ട അവസ്ഥയാണിപ്പോൾ.

വസ്തുക്കൾ കാണാതായത്  ശ്രദ്ധയില്‍പ്പെട്ടതോടെ ഏതാനും ബൾബുകളും സി.എഫ് എൽും തിരികെ പ്രത്യക്ഷപ്പെട്ടു. കാണാതായവ  തനിയെ തിരികെ വന്നത് കണ്ടിട്ട് കള്ളൻ കപ്പലിൽ തന്നെയാണെന്ന് ചിലർ അടക്കം പറയുന്നുണ്ട് . ചെയർമാന്‍െറ ഹൗസിൽ  നിന്നും സാധനങ്ങൾ കാണാതായതും മുൻ ഭരണസമിതിക്ക് എതിരെ ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിൽ  വിജിലൻസ് അന്വേഷണം ആരംഭിച്ചു.

കോട്ടേഴ്സ് കൈമാറുമ്പോൾ  കസ്റ്റോഡിയൻ ആയിട്ടുള്ള ഉദ്യോഗസ്ഥ എല്ലാം പരിശോധിച്ച് ഒപ്പിട്ട് വാങ്ങിയതാണെന്നും അതിന് ശേഷം എന്തെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും ജി.സി.ഡി.ഐ  മുൻ ചെയർമാൻ സി വേണുഗോപാൽ വൈ ഫൈ റിപ്പോർട്ടറോട് പറഞ്ഞു.