കേരളം ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക്

സംസ്ഥാനത്തെ വൈദ്യുതിപദ്ധതികളുടെ ജലസംഭരണികള്‍ വറ്റി വരണ്ടു 

കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞു 

വൈദ്യുതി ഉപഭോഗം കൂടിയത് പ്രതിസന്ധി രൂക്ഷമാക്കി 

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉത്പാദന വിതരണമേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാത്രികാലങ്ങളിലെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നതോടെ അരമണിക്കൂറുണ്ടായിരുന്ന ലോഡ്‌ഷെഡിംഗ് ഒരുമണിക്കൂറായി വര്‍ധിപ്പിച്ചു. ഉപഭോഗം വര്‍ധിച്ചതോടെ പ്രതിദിനം 400 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നതെന്ന് കെഎസ്ഇബി വെളിപ്പെടുത്തി.

കല്‍ക്കരിക്ഷാമം മൂലം ഉത്പാദനം വെട്ടിക്കുറച്ചതിനാല്‍ കേന്ദ്രപൂളില്‍നിന്നും സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞു. പുറമെ കായംകുളം താപവൈദ്യുത നിലയത്തിന്റെ ഉത്പാദനം ഭാഗികമായി തടസ്സപ്പെട്ടിരിക്കുന്നതും പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായി.

സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആകെ പ്രതിദിന വൈദ്യുതി ലഭ്യത 2206.93 മെഗാവാട്ടാണ്. എന്നാല്‍ ഇന്നലത്തെ ഉപഭോഗം 2736 മെഗാവാട്ടാണ്. വേനല്‍ കടുക്കുന്നതും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാത്രികാല താപനില വര്‍ധിച്ചതും വൈദ്യുതിയുടെ ഉപയോഗം വന്‍തോതില്‍ കൂടാന്‍ ഇടയാകുന്നതായി കളമശ്ശേരിയിലെ ലോഡ് ഡെസ്പാച്ച് (ട്രാന്‍സ്മിഷന്‍) വിഭാഗം ചീഫ് എഞ്ചിനീയര്‍ പറഞ്ഞു.

കേന്ദ്രപൂളില്‍നിന്നും പ്രതിദിനം 19 മില്യണ്‍ യൂണിറ്റാണ് കേരളത്തിന് ലഭിക്കേണ്ടത്. കായംകുളം, കാസര്‍കോഡ്, ബ്രഹ്മപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നായി ഇപ്പോള്‍ ആകെ ലഭിക്കുന്നത്. 234.6 മെഗാവാട്ട് താപവൈദ്യുതിയാണ്. യൂണിറ്റിന് 10.72 മുതല്‍ 12.45 രൂപ വരെയാണ് ഇതിന്റെ വില. കടുത്ത സാമ്പത്തികനഷ്ടം സഹിച്ചാണെങ്കിലും ലഭ്യമാകുന്നത്ര വൈദ്യുതി ഇൌ ഉത്പാദനകേന്ദ്രങ്ങളില്‍നിന്നും വാങ്ങി കെഎസ്ഇബി വിതരണം ചെയ്യുകയാണെന്ന് അധികൃതര്‍ പറയുന്നു.

സംസ്ഥാനത്തെ വൈദ്യുതിപദ്ധതികളുടെ ജലസംഭരണികളും വറ്റിവരണ്ടിരിക്കുകയാണ്. ആകെ സംഭരണശേഷിയുടെ 25 ശതമാനത്തില്‍ താഴെ മാത്രമാണ് ഡാമുകളിലെ ജലനിരപ്പ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പരമാവധി ഉത്പാദനക്ഷമത പ്രതിദിനം 750 മെഗാവാട്ടാണ്. എന്നാല്‍ ഈ അളവില്‍ പരമാവധി 20 മുതല്‍ 25 ദിവസത്തേക്കുള്ള വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കുവാന്‍ കഴിയുകയുള്ളൂവത്രെ. ഇടുക്കിയില്‍ തിങ്കളാഴ്ചത്തെ ഉത്പാദനം 530 മെഗാവാട്ടായിരുന്നു.

ശബരിഗിരി 335 മെഗാവാട്ട്, ഇടമലയാര്‍ 75 മെഗാവാട്ട്, ഷോളയാര്‍ 54 മെഗാവാട്ട്, പള്ളിവാസല്‍ 37.5 മെഗാവാട്ട്, ലോവര്‍ പെരിയാര്‍ 180 മെഗാവാട്ട് എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റ് ജലവൈദ്യുത പദ്ധതികളുടെ പരമാവധി ഉത്പാദനക്ഷമത. ഇവയ്ക്ക് പുറമെ മറ്റ് ചെറുകിട പദ്ധതികളുടേത് 52.85 മെഗാവാട്ടുമാണ്. എന്നാല്‍ ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് കണക്കിലെടുക്കുമ്പോള്‍ ആകെ ഉത്പാദനക്ഷമതയുടെ പകുതിയില്‍ താഴെ മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാനെ ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയുകയുള്ളൂ. വരും ദിവസങ്ങളിലും ഈ നില തുടര്‍ന്നാല്‍ പവര്‍ഗ്രിഡിനെതന്നെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന് ആശങ്കയിലാണ് അധികൃതര്‍.