ഏതു യാചകനും വിധി പ്രസ്താവിക്കാമെന്നു പറയുമോ?’ കെമാല്‍ പാഷയോട് മന്ത്രി ജി. സുധാകരന്‍

    കൊച്ചി: ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി  വിമര്‍ശിച്ച ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ മന്ത്രി ജി.സുധാകരന്‍. ഏത് യാചകനും പാലം ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് തെറ്റാണ്. ഏത് യാചകനും കോടതിയിലിരുന്ന് വിധി പ്രസ്താവിക്കാമെന്ന് പറയുമോയെന്ന്  സുധാകരന്‍ ചോദിച്ചു.

    പാലം തുറന്നത് മാഫിയസംഘമാണ്. വി ഫോര്‍ കൊച്ചി എന്ന സംഘടന നിയമവിരുദ്ധമാണ്. ആരുടെ പിന്തുണ ഉണ്ടെങ്കിലും കാര്യമില്ല. സര്‍ക്കാരാണ് ജനങ്ങളുടെ പ്രതിനിധി. എന്‍ജീനിയര്‍മാരും ഉദ്യോഗസ്ഥരുമാണ് ഉദ്ഘാടനം തീരുമാനിക്കുക.

    കിഴക്കമ്പലം ട്വന്റി20 പൊതുമരാമത്ത് റോഡ് കയ്യേറി പണിനടത്തുന്നത് തെറ്റ്. അവര്‍ക്ക് എവിടെനിന്നാണ് ഇത്രയും പണം കിട്ടുന്നത്? പ്രശ്മുണ്ടാക്കേണ്ടെന്ന് കരുതിയാണ് അവിടെ പോകാത്തതെന്നും മന്ത്രി പറഞ്ഞു.

    മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോയെന്നായിരുന്നു കെമാല്‍ പാഷയുടെ വിമര്‍ശനം.  ഒരു ഭിക്ഷക്കാരന്‍ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ..? ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.