ഗൂഗിൾ എർത്തിൽ തിരഞ്ഞത് സ്വന്തം വീട് ; കണ്ടെത്തിത് 7 വർഷം മുൻപ് മരിച്ച അച്ഛനെ’

    വെറുതെയിരിക്കുമ്പോൾ നമ്മൾ പലരും വെറുതെ കൗതുകത്തിനു വേണ്ടി ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ എർത്ത്.  ജനിച്ച നാട്, പഠിച്ച സ്കൂൾ, കോളജ് അങ്ങനെ പലതും ഗൂഗിൾ എർത്തിൽ തിരയാറുണ്ട്. അത്തരത്തിൽ ജപ്പാനിലെ യുവാവ് താൻ ജനിച്ചു വളർന്ന വീട് ഗൂഗിൾ എർത്തിൽ സെർച്ച് ചെയ്തു. എന്നാൽ കണ്ടതോ ഏഴ് വർഷം മുൻപ് മരിച്ചു പോയ അച്ഛന്റെ ചിത്രവും. മരിച്ചു പോയ അച്ഛന്റെ ചിത്രം ഗൂഗിൾ എർത്തിൽ ഏഴു വർഷത്തിനു ശേഷം കണ്ടെത്തിയതിന്റെ സന്തോഷം ഈ യുവാവ് ട്വിറ്ററിലും പങ്കുവച്ചു.

    ‘ഏഴ് വര്‍ഷം മുൻപ് മരിച്ചു പോയ അച്ഛനെ ഞാന്‍ കണ്ടു’ എന്ന തലക്കെട്ടോടെയാണ് യുവാവ് റോഡരികിൽ അമ്മയെ കാത്ത് നിൽക്കുന്ന അച്ഛന്റെ ചിത്രം ചിത്രം ട്വീറ്റ് ചെയ്തത്.

    നിരവധി പേരാണ് ഇത് റീട്വീറ്റ് ചെയ്തത്. പ്രദേശത്തിന്റെ ചിത്രം ഗൂഗിൾ ക്യാമറകൾ പകർത്തുന്നതിനിടെയാണ് വീടിന് പുറത്തു നിൽക്കുന്ന അച്ഛന്റെ ചിത്രവും അതിൽ ഉൾപ്പെട്ടത്.

    ഈ പ്രദേശത്തിന്റെ ഈ ചിത്രം ഇനി അപ്ഡേറ്റ് ചെയ്യരുതെന്ന അഭ്യർഥനയാണ് ടീച്ചർ യൂഫോ എന്ന ട്വിറ്റർ ഉപയോക്താവ് ഗൂഗിളിനു മുന്നിൽ വച്ചിരിക്കുന്നത്.അച്ഛനെ കണ്ടെത്തിയെന്ന യുവാവിന്റെ ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് പലരെയും തിരഞ്ഞ് ഗൂഗിൾ എർത്തിൽ എത്തിയിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ വർഷം മരിച്ച മുത്തശ്ശിയുടെ ചിത്രം കണ്ടെത്തിയതായി മറ്റൊരു ട്വിറ്റർ ഉപയോക്താവ് വ്യക്തമാക്കിയിട്ടുണ്ട്