അന്ന് അറിയാതെ കണ്ണ് നിറഞ്ഞുപോയി’; മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മേജര്‍ രവി

കൊച്ചി: മരടിലെ നാല് പടുകൂറ്റന്‍ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതിന്റെ വാര്‍ഷികം ഓര്‍മ്മപ്പെടുത്തി ഫ്‌ലാറ്റിലെ താമസക്കാരനായിരുന്ന സംവിധായകന്‍ മേജര്‍ രവി. ഫ്‌ലാറ്റുകള്‍ പൊളിച്ചു മാറ്റിയിട്ട് എന്ത് നേടിയെന്നാണ് മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ ചോദിക്കുന്നത്. പൊളിഞ്ഞു വീഴുന്ന സമയത്ത് അറിയാതെ കണ്ണ് നിറഞ്ഞു പോയെന്നും മേജര്‍ രവി പറയുന്നു.

‘അന്ന് സങ്കടപ്പെട്ടപ്പോള്‍ ഒപ്പം നിന്നവരോടൊക്കെ ഒന്നാം വര്‍ഷത്തില്‍ നന്ദി പറയുകയാണ്. നഷ്ടപ്പെട്ടവര്‍ക്കു മാത്രമെ ദുഖം മനസിലാകൂ. പെന്‍ഷന്‍ വാങ്ങി ജീവിച്ചിരുന്ന പലരും ഇന്നും വാടക വീടുകളിലാണ്. അതൊക്കെ കാണുമ്പോള്‍ വേദനയുണ്ട്.’ പാലക്കാട് നിന്നുള്ള ലൈവ് വീഡിയോയില്‍ മേജര്‍ രവി പറഞ്ഞു.

മരട് നഗരസഭാ പരിധിയില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ജലാശയങ്ങളോട് ചേര്‍ന്ന് നിര്‍മ്മിച്ച ഫ്‌ളാറ്റുകളാണ് സുപ്രീം കോടതിവിധി പ്രകാരം പൊളിച്ചു മാറ്റിയത്. 2020 ജനുവരി 11, 12 തിയതികളിലാണ് നിയന്ത്രിത സ്‌ഫോടനം വഴി തകര്‍ത്തത്. അവശിഷ്ടങ്ങള്‍ നീക്കിയ സ്ഥലം ഉടമകള്‍ക്ക് നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നല്‍കിയെങ്കിലും അന്തിമ നഷ്ടപരിഹാരം നിശ്ചയിച്ചിട്ടില്ല. ഇതിനായി 143 അപേക്ഷകളാണ് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിഷന് ലഭിച്ചത്. ആധാരവും കരാറുമുള്ളവര്‍ക്കായിരുന്നു നഷ്ടപരിഹാരം. ഉടമ മരിച്ച ഫ്‌ളാറ്റിനും നിര്‍മ്മാതാക്കളുടെ ബന്ധുക്കളുടെ ഫ്‌ളാറ്റിനും നഷ്ടപരിഹാരം നല്‍കിയില്ല. അഞ്ചു മുതല്‍ രണ്ടുവരെ ഫ്‌ളാറ്റുണ്ടായിരുന്നവര്‍ക്ക് ഒരു ഫ്‌ളാറ്റിന്റെ താല്ക്കാലിക നഷ്ടപരിഹാരം മാത്രമാണ് നല്‍കിയത്.

ഉടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് 110 കോടി രൂപ വിലയായി നല്‍കിയെന്നാണ് കമ്മിഷന് ലഭിച്ച രേഖകള്‍. ഇതു തിരിച്ചു നല്‍കാനും ആദ്യഘട്ടമായി 20 കോടി കൈമാറാനും നിര്‍മ്മാതാക്കളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മറ്റു ഫ്‌ളാറ്റുകള്‍ വിറ്റഴിച്ച് പണം നല്‍കാമെന്നാണ് രണ്ട് നിര്‍മ്മാതാക്കള്‍ കമ്മിഷനെ അറിയിച്ചത്.