വിരാട് കോഹ്‌ലിയുടെ പ്രസംഗം കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കുള്ള ഉത്തേജക മരുന്ന്

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ടെസറ്റ് റാങ്കിംഗില്‍ ഒന്നാമതാക്കിയ നായകന്‍ വീരാട് കോഹ്‌ലിയുടെ ടീം സ്പീച്ച് (പ്രസംഗം) കോര്‍പ്പറേറ്റ് കമ്പനികള്‍ ജീവനക്കാരെ മോട്ടിവേറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നു. ജീവനക്കാരെ കായിക വിനോദത്തിലൂടെ ലക്ഷ്യത്തിലെത്താന്‍ പ്രചോദിപ്പിക്കുകയാണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് ട്രെന്‍ഡെന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വമ്പന്‍ കമ്പനികള്‍ വിരാട് കോഹ് ലിയെയും രാഹുല്‍ ദ്രാവിഡിനെയും തങ്ങളുടെ കോര്‍പ്പറേറ്റ് മീറ്റിംഗുകളില്‍ ക്ഷണിച്ച് ജീവനക്കാര്‍ക്ക് മോട്ടിവേഷന്‍ സ്പീച്ച് നടത്തിക്കാറുണ്ട്. കളിക്കിടെ ഉണ്ടാകുന്ന വീഴ്ചകളും അതില്‍ നിന്ന് എങ്ങനെ കരകയറി, അതിന് ടീം അംഗങ്ങളെ സജ്ജമാക്കിയതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ക്രിക്കറ്റ് താരങ്ങള്‍ ജീവനക്കാരുമായി പങ്കുവയ്ക്കുന്നത്.

നന്നായി പെര്‍ഫോം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഏതെങ്കിലും കായിക ഇനത്തില്‍ പ്രത്യേകം പരിശീലനവും കമ്പനികള്‍ നല്‍കുന്നുണ്ട്. സ്‌പോട്‌സിലും ബിസിനസിലും പൊതുവായ കാര്യങ്ങളുണ്ട്, നല്ല പ്രൊഡക്ഷന്‍ ഉണ്ടാക്കി കൂടുതല്‍ റിസല്‍റ്റ് ഉണ്ടാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. സ്‌പോട്‌സും അങ്ങനെയാണ് നല്ല രീതിയില്‍ കളിച്ച് വിജയിക്കുകയാണ് ലക്ഷ്യം- സിസ്‌കോ ഇന്ത്യ പ്രസിഡന്റ് ദിനേഷ് മല്‍ക്കാനി പറഞ്ഞു. കായിക താരങ്ങള്‍ക്കെല്ലാം വലിയ ലക്ഷ്യം, അച്ചടക്കം, ധൈര്യം, മാനസിക ശക്തി, കരുത്ത്, ക്ഷമ  എന്നിവയെല്ലാം ഉണ്ടാകും. ഇതെല്ലാം ഇന്നത്തെ കോര്‍പ്പറേറ്റ് ലോകത്ത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കോര്‍പ്പറേറ്റ് കമ്പനികളെല്ലാം ഓരോ നിമിഷവും വലിയ വെല്ലുവിളികളാണ് നേരിടുന്നത്.

അതുകൊണ്ട് സിസ്‌കോ സ്‌പോട്‌സ് തീമാണ് ജീവനക്കാരെ സജ്ജീവമാക്കാന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ തമ്മിലുള്ള ഈഗോ ഒഴിവാക്കി സ്‌പോട്‌സ്മാന്‍ സ്പിരിറ്റില്‍ കാര്യങ്ങളെ കാണാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ-കോമേഴ്‌സ് കമ്പനികളെല്ലാം ജീവനക്കാര്‍ക്കായി ക്രിക്കറ്റ് മല്‍സരം നടത്തുന്നുണ്ട്. നന്നായി പെര്‍ഫോം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഐ.പി.എല്‍ കാണാന്‍ ഉയര്‍ന്ന ക്ലാസ് ടിക്കറ്റ് സമ്മാനം നല്‍കുന്നുണ്ട്. ആഢംബര സൗകര്യങ്ങള്‍ നല്‍കി ജീവനക്കാരില്‍ നിന്ന് കൂടുതല്‍ റിസല്‍റ്റ് ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

മുംബയ് ആസ്ഥാനമായ നൊഡാപ്പിന്റെ ജനുവരിയിലെ കോര്‍പ്പറേറ്റ് ബോര്‍ഡ് റൂം മീറ്റില്‍ രാഹുല്‍ ദ്രാവിഡും മാര്‍ച്ചിലെ മീറ്റിംഗില്‍ വി.വി.എസ് ലക്ഷ്മണും സംസാരിക്കും. അശോക് കാരന്ത് എന്നയാളാണ് സ്‌പോട്ടി ട്രിപ്പ് എക്‌സ്പീരിയന്‍സ് എന്ന പുതിയ ബിസിനസ് തന്ത്രം കണ്ടെത്തിയത്. വിവിധ കമ്പനികള്‍ക്ക് സ്‌പോട്‌സ് താരങ്ങളെ എത്തിച്ച് കൊടുക്കുന്ന ക്യൂറേറ്ററുമാണിയാള്‍.

‘ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രശസ്തമായ ഒരു ബാങ്ക്  രാഹുല്‍ ദ്രാവിഡിനെ കൊണ്ട്  പ്രധാനപ്പെട്ട 30 ഇടപാടുകാരെ അഭിസംബോധന ചെയ്യിപ്പിച്ചെന്നും’ അശോക് കാരന്ത് പറഞ്ഞു. ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട്, എച്ച്.പി തുടങ്ങിയ 16 കമ്പികളെ ഉള്‍പ്പെടുത്തി ഇയാള്‍ ക്രിക്കറ്റ് മല്‍സരവും സംഘടിപ്പിച്ചു. അന്‍പതിനായിരം രൂപയാണ് ഓരോ കമ്പനിയുടെയും പ്രവേശന ഫീസ്. ഫൈനല്‍ മാച്ച് ജനുവരി എട്ടിന് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. പ്രാദത്ത് എന്ന ക്യൂറേറ്റര്‍ ആംസ്റ്റര്‍ഡാമില്‍ ഗോ കാര്‍ട്ടിംഗ്, പ്രേഗില്‍ മാരത്തോണ്‍, ദുബയില്‍ സ്‌കൈ ഡൈവിംഗ്, അബുദാബിയില്‍ ഫോര്‍മുല വണ്‍, മാള്‍ട്ടയില്‍ ഡിസ്‌കവറി റെയ്‌സ് എന്നിവ നടത്തിയിരുന്നു. വിവിധ കോര്‍പ്പറേറ്റ് കമ്പനികളിലെ 200റോളം പേരാണ് ഇതിലെല്ലാം പങ്കെടുത്തത്. ഭക്ഷണവും താമസവും ഒഴിച്ച് മൊത്തം രണ്ട് മുതല്‍ നാല് കോടി വരെയായിരുന്നു ചെലവ്.