ബി.ജെ.പിയില്‍ പ്രണയ കലാപം, ആത്മഹത്യ, നേതാക്കള്‍ ഒളിവില്‍

കൊല്ലം : ബി.ജെ.പി നേതാവിനെ സ്‌നേഹിച്ചതില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്ത സംഭവം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി.

കരിങ്ങന്നൂര്‍ അടയറ പ്രശാന്ത് മന്ദിരത്തില്‍ പ്രസാദിന്റെ മകള്‍ പ്രിയയെ(24) ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരായ കരങ്ങന്നൂര്‍ പുതുശ്ശേരി ടിപ് ടോപ് വീട്ടില്‍ ഡെന്നി(37), കരിങ്ങന്നൂര്‍ പുത്തന്‍വിള വീട്ടില്‍ ജയകുമാര്‍ (35), കരിങ്ങന്നൂര്‍ മങ്ങാട് ചാലൂര്‍ ചരുവിളി വീട്ടില്‍ മനോജ് (41), പുതുശ്ശേരി ശിവഗംഗ വീട്ടില്‍ മനോജ്(36) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്.

പ്രിയയുമായി അടുപ്പത്തിലായിരുന്ന കേസിലെ ഒന്നാം പ്രതി പുതുശ്ശേരി ഐശ്വര്യ ഭവനില്‍ അനന്തു എന്നു വിളിക്കുന്ന അരുണ്‍ബാബു(23), ഇയാളുടെ സഹോദരിയും രണ്ടാം പ്രതിയുമായ ഐശ്വര്യ(25) മൂന്നാം പ്രതിയും അരുണ്‍ബാബുവിന്റെ പിതാവുമായ ബാബു എന്നിവര്‍ ഒളിവിലാണ്.

അരുണ്‍ബാബുവിന്റെ സഹോദരിയും സുഹൃത്തുക്കളും പ്രിയയുടെ വീട്ടിലെത്തി സ്ത്രീധനമായി പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ അത് നിരസിച്ചു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ അരുണ്‍ബാബുവിന്റെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയ പ്രിയയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഇത്തിക്കരയാറ്റിലെ പുതുശ്ശേരി വള്ളക്കടവില്‍ കണ്ടെത്തുകയായിരുന്നു.

പ്രിയയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ് പ്രസാദ്, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത്, പ്രസിഡന്റ് എം.കെ. നിര്‍മ്മല എന്നിവരുടെ നേതൃത്വത്തില്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായത് പാര്‍ട്ടിയെ ഞെട്ടിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്നും അവരെ കള്ളിക്കേസില്‍ കുടുക്കുകയാണെന്നും ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

ബി.ജെ.പി നേതാവായ അരുണ്‍ ബാബുവുമായി കഴിഞ്ഞ ആറുമാസമായി പ്രിയ പ്രണയത്തിലായിരുന്നു. മെക്കാനിക്കായിരുന്ന അരുണും പ്രിയയും സ്ഥിരം സഞ്ചരിച്ചിരുന്നത് ഒരേ ബസിലായിരുന്നു. ഈ പരിചയമാണ് പ്രണയത്തിലേക്ക് മാറിയത്. ഇരുവരും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടത്തി നല്‍കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചു.

ഒടുവില്‍ വിവാഹത്തിന്റെ തലേദിവസം അരുണിന്റെ സഹോദരി ഐശ്വര്യയും മറ്റു നാലു പേരും ചേര്‍ന്ന് പ്രിയയുടെ വീട്ടിലെത്തുകയും സ്ത്രീധനമായി പണവും സ്വര്‍ണ്ണവും നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അരുണിന്റെ സഹോദരിയും മറ്റു ചില ബി.ജെ.പി നേതാക്കളും സ്ത്രീധനം ആവശ്യപ്പെട്ട് പ്രിയക്ക് ഉള്‍ക്കൊള്ളാനായില്ല. ഇതില്‍ മനംനൊന്താണ് പ്രിയ ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

പ്രിയയുട ദുരൂഹ മരണത്തിന് പിന്നിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്നത് ലജ്ജിപ്പിക്കുന്ന സംഭവമാണെന്ന് ബാലഗോപാല്‍ പറഞ്ഞു.