ഭക്ഷണം കഴിച്ചതിന് പണം നല്‍കിയില്ല; അമിത് ഷായുടെ സെക്രട്ടറിയെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി പ്രവര്‍ത്തകന്‍

ചെന്നൈ: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബില്ലിന് പണം നല്‍കാതെ ബിജെപി പ്രവര്‍ത്തകര്‍. പണം ചോദിച്ച ഹോട്ടലുടമയെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. വര്‍ഗീയ കലാപമുണ്ടാക്കും എന്നു പറഞ്ഞാണ് ഹോട്ടലുടമയെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. രണ്ട് ബിജെപി പ്രവര്‍ത്തകരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.

ഐസ്ഹൗസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ചെന്നൈ സ്വദേശികളായ പുരുഷോത്തമന്‍ (32), ഭാസ്‌കര്‍ (30) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇരുവരും ബിജെപിയുടെ പ്രാദേശിക വിഭാഗം സെക്രട്ടറിമാരാണ്. സംഘത്തിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകനായ സൂര്യ ഒളിവിലാണ്.

രാത്രി ഏറെ വൈകിയാണ് ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലില്‍ എത്തിയത്. ആദ്യം ചിക്കന്‍ ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്തു. ഇവര്‍ നല്ല രീതിയില്‍ മദ്യപിച്ചിരുന്നു. നേരം ഏറെ വൈകിയപ്പോള്‍ കട അടയ്ക്കണമെന്ന് ഹോട്ടല്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബിജെപി പ്രവര്‍ത്തകര്‍ പുറത്തിറങ്ങാന്‍ തയ്യാറായില്ല. തങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ ആണെന്നും ഇനിയും ഭക്ഷണം വേണമെന്നും മൂവര്‍ സംഘം ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഹോട്ടല്‍ ജീവനക്കാരെ കൊണ്ട് നിര്‍ബന്ധിച്ച് ഭക്ഷണം പാകം ചെയ്യിച്ചു.

മുഹമ്മദ് അബൂബക്കര്‍ എന്നയാളാണ് ഹോട്ടല്‍ ഉടമ. ഭക്ഷണം കഴിച്ചുകഴിഞ്ഞ ശേഷം ഇവര്‍ക്ക് ബില്‍ നല്‍കി. എന്നാല്‍, ബില്ലിലെ പണം നല്‍കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറായില്ല. അത് ചോദ്യംചെയ്തതോടെ അബൂബക്കറിനെ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്സണല്‍ സെക്രട്ടറിയെ വിളിക്കുമെന്ന് പറഞ്ഞായിരുന്നു ആദ്യ ഭീഷണി. തന്റെ ആളുകളെ വിളിച്ചുവരുത്തി ഹോട്ടല്‍ അടപ്പിക്കുമെന്നും വര്‍ഗീയ കലാപമുണ്ടാക്കുമെന്നും പ്രതികള്‍ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് ഹോട്ടല്‍ ഉടമ പൊലീസിനെ വിളിച്ചുവരുത്തി.